ദേശീയദിന സന്തോഷങ്ങൾ; വളർച്ചയുടെ അത്യുന്നതങ്ങളിലേക്ക് ബഹ്റൈൻ
text_fieldsമനാമ: അതിനൂതനമായ വികസനകാഴ്ചപ്പാടുകളിലൂടെയും നേട്ടങ്ങളിലൂടെയും ചേർത്തുനിർത്തലുകളിലൂടെയും രാജ്യം അതിന്റെ ദിനം ആഘോഷിക്കുകയാണ്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും മഹത്ത്വങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രാജ്യ ചരിത്രത്തിന്റെ പിറവി മുതൽ പ്രകടമായിരുന്നു. പിന്നീടിങ്ങോട്ട് ഓരോഘട്ടത്തിലും രാജ്യത്തിന്റെ വളർച്ചക്കും നന്മക്കും വേണ്ടി പ്രവർത്തിച്ചവരെ രാജ്യം ചേർത്തു പിടിച്ചിട്ടുണ്ട്.
1971ൽ ആധുനിക ബഹ്റൈൻ രാഷ്ട്രം സ്ഥാപിതമായതിന്റെ 54ാം വാർഷികദിനം ആഘോഷിക്കുന്ന ഈ വേള സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ സന്തോഷദായകമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദർശനങ്ങളും ഭരണ കാഴ്ചപ്പാടുകളും രാജ്യത്തെ വളർച്ചയുടെ അത്യുന്നതങ്ങളിലേക്കാണ് എത്തിച്ചു കൊണ്ടിരിക്കുന്നത്. സ്വദേശികൾക്കൊപ്പം പ്രവാസികളെയും ഉൾക്കൊള്ളുന്ന വികസനനയമാണ് രാജ്യം എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ മികച്ച അവസരങ്ങളും ആനുകൂല്യങ്ങളും നൽകി ഈ രാജ്യം പരിഗണിക്കുന്നുണ്ട്. രാജ്യം അനുവർത്തിച്ചു പോരുന്ന സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മഹനീയ മാതൃക, ലോകരാജ്യങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയിരിക്കുന്നു.
ലോകസമാധാനത്തിനായി എക്കാലവും നിലകൊള്ളുന്ന രാജ്യം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മുൻനിരയിൽ എപ്പോഴും ഉണ്ട്. രാജ്യം സമാധാനത്തിന്റെയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രകാശഗോപുരമായി നിലനിൽക്കുന്നത് രാജാവിന്റെ ദർശനങ്ങളുടെ ഗരിമയുടെ തെളിവാണ്. ജീവിത സൂചികയിൽ, സാമ്പത്തിക വികസനത്തിലെല്ലാം രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. അതിദ്രുതം വളരുന്ന ടൂറിസം മേഖല എണ്ണ സമ്പദ്വ്യവസ്ഥയെ മാത്രം ആശ്രയിക്കാതെ, എല്ലാ മേഖലകളിലും സമഗ്രമായ വികസനം ലക്ഷ്യമിടുന്ന ‘ബഹ്റൈൻ വിഷൻ 2030’ എന്ന പദ്ധതിയുടെ കീഴിൽ രാജ്യം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. വിഷൻ 2030, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ബഹ്റൈന്റെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് ടൂറിസം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ രാജ്യം പുതിയ വഴികൾ തേടുന്നു. മുത്തുവാരൽ വ്യാപാരത്തിന്റെ ചരിത്രം പറയുന്ന പേളിങ് പാത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ദിൽമുൻ ശ്മശാന ഭൂമി, ഖൽഅത്ത് അൽ ബഹ്റൈൻ ഫോർട്ട് എന്നീ ചരിത്ര കേന്ദ്രങ്ങൾ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയവയാണ്. സമാനമായി മറ്റു നിരവധി ചരിത്ര പൈതൃക ഇടങ്ങളും നൂതനസംവിധാനങ്ങളടങ്ങിയ പുത്തൻ ടൂറിസം സംവിധാനങ്ങളും മേഖലകളും ബഹ്റൈൻ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു.
നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ പുതിയ വ്യവസായങ്ങളെയും സംരംഭങ്ങളെയും രാജ്യം സ്വാഗതം ചെയ്യുന്നു. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും സമൂഹത്തിലെ അവരുടെ പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ശ്രദ്ധേയമാണ്.കായികരംഗത്ത് കഴിഞ്ഞ ഒരു വർഷത്തിനിടക്ക് വലിയ മുന്നേറ്റങ്ങളാണ് രാജ്യം നടത്തിയത്. ഏഷ്യൻ യൂത്ത് ഗെയിംസിന് വിജയകരമായി ആതിഥേയത്വം വഹിക്കാനായതിലൂടെ രാജ്യത്തെ ലോകതലത്തിൽതന്നെ അടയാളപ്പെടുത്താനായി. വലിയ ഇന്റർനാഷനൽ ഇവന്റുകൾ സംഘടിപ്പിക്കാൻ രാജ്യം പ്രാപ്തി കൈവരിച്ചെന്നും സന്നദ്ധരാണെന്നും വ്യക്തമാക്കുന്നതായിരുന്നു യൂത്ത് ഗെയിംസിന്റെ വിജയം.
കൂടാതെ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ളടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി രാജ്യം സാക്ഷ്യം വഹിക്കുന്നു. അതിദ്രുതം വളരുന്ന ഒരു മേഖലതന്നെയാണ് ബഹ്റൈനിൽ കായിക മേഖലയും കായിക ടൂറിസവും. വിനോദത്തിനും കലയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനായി അന്താരാഷ്ട്ര സംഗീതക്കച്ചേരികളും രാജ്യത്ത് സാധാരണമായി. ഇത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുന്നു.
ചരിത്രപരവും സാംസ്കാരികവുമായ ഇടങ്ങളെ പുനരുദ്ധരിച്ച് ജനങ്ങൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരം നൽകുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

