നാഷനല്‍ ഓഡിറ്റ് ബ്യൂറോ നിര്‍ദേശങ്ങള്‍ പഠിക്കുന്നതിന് മന്ത്രിസഭ സമിതി

09:58 AM
22/10/2019
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ

മനാമ: നാഷനല്‍ ഓഡിറ്റ് ബ്യൂറോ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക മന്ത്രിസഭ സമിതിയെ ചുമതലപ്പെടുത്താന്‍   മന്ത്രിസഭ യോഗം തീരുമാനിച്ചു.  ഉപപ്രധാനമന്ത്രി ശൈഖ് അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 2018^2019 വര്‍ഷത്തെ നാഷനല്‍ ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടി​​െൻറ വെളിച്ചത്തില്‍ ചെലവ് ചുരുക്കുന്നതിനും മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വരവ് വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് മുഖ്യമായും സമിതി പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പുതുതായി കോഴ്സ് കഴിഞ്ഞിറങ്ങിയ സ്വദേശി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മന്ത്രി സഭ ചര്‍ച്ച ചെയ്തു. ആരോഗ്യ മന്ത്രാലയം, തൊഴില്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടികളെടുക്കാനാണ് നിര്‍ദേശം. കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന് നടത്തിയ വൈദ്യ പരിശോധന വിജയകരമായതില്‍ മന്ത്രിസഭ സന്തോഷം പ്രകടിപ്പിക്കുകയും ആയുരാരോഗ്യം ആശംസിക്കുകയും ചെയ്തു. 

തുനീഷ്യന്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഖൈസ് സഈദിന് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. മന്ത്രി സഭക്കു കീഴില്‍ സുസ്ഥിര ഊര്‍ജ അതോറിറ്റിക്ക് രൂപംനല്‍കാന്‍ യോഗം തീരുമാനിച്ചു. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും കിരീടാവകാശിയുടെ കീഴിലുള്ള തുടര്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. പൊതു ശുചിത്വവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി സഭയില്‍ അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ബഹ്റൈന്‍^ബ്രിട്ടണ്‍ സംയുക്ത കര്‍മസമിതി യോഗ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രി അവതരിപ്പിച്ചു. അബൂദബിയില്‍ നടന്ന ഏഷ്യന്‍ രാഷ്​ട്രങ്ങളുടെ അഞ്ചാമത് മന്ത്രിതല ചര്‍ച്ചാ സമ്മേളന റിപ്പോര്‍ട്ട് തൊഴില്‍ സാമൂഹിക ക്ഷേമകാര്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.   

Loading...
COMMENTS