ദേശീയ മത്സ്യവളർത്തു കേന്ദ്രം; സമീപഭാവിയിൽ ഭക്ഷ്യസുരക്ഷ
text_fieldsറഅ്സ് ഹയ്യാനിലെ ദേശീയ മത്സ്യവളർത്തു കേന്ദ്രം
മനാമ: രാജ്യത്തിന്റെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സ്ഥാപിച്ച റഅ്സ് ഹയ്യാനിലെ ദേശീയ മത്സ്യവളർത്തു കേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമെന്ന് വിലയിരുത്തൽ. മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറകിന്റെ നേതൃത്വത്തിലുള്ള സംഘം മത്സ്യവളർത്തു കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്തി. രാജ്യത്തെ മത്സ്യസമ്പത്ത് നിലനിർത്തുന്നതിനും അതുവഴി ഭക്ഷ്യസുരക്ഷ നേടുന്നതിനും കേന്ദ്രം വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുമത്സ്യങ്ങളെയും വലിയ ഹമൂറുകളെയും കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഉൽപാദനം. വിദഗ്ധരായ ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ സഹായത്തോടെ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനുതകുന്ന നടപടിയാണ് സ്വീകരിച്ചത്. നോർവേയുടെ സഹകരണത്തോടെ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്.
ഫാമുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ നിക്ഷേപകർക്ക് മന്ത്രാലയം സ്ഥലം അനുവദിച്ചിരുന്നു. കടൽജലം പമ്പുചെയ്യാനും ശുദ്ധിയാക്കാനുമുള്ള യൂനിറ്റ് അടക്കം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സംഗതികൾ മന്ത്രാലയത്തിന്റെ മുൻകൈയിൽ സ്ഥാപിച്ചിരുന്നു. ആവശ്യമായ സാങ്കേതിക ഉപദേശവും കേന്ദ്രത്തിൽനിന്ന് നൽകുന്നുണ്ട്. താൽപര്യമുള്ള പൗരൻമാർക്ക് മീൻവളർത്തലിലും പരിപാലനത്തിലും പരിശീലനം കൊടുക്കുന്ന പദ്ധതിയും നിലവിലുണ്ട്. നാലുമാസത്തെ കോഴ്സിൽ തിയറിയും പ്രാക്ടിക്കൽ ക്ലാസുകളും അടങ്ങിയിട്ടുണ്ട്. നിരവധി പേർ ഇതിനകം കേന്ദ്രത്തിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്. ഇതു കൂടാതെ നിരവധി ബാച്ചുകൾക്ക് വിദേശ പരിശീലനവും ലഭ്യമാക്കി.
ദേശീയ മത്സ്യവളർത്തു കേന്ദ്രത്തിന്റെ മത്സ്യ ഉൽപാദനശേഷി തുടക്കകാലത്തേതിൽനിന്ന് വർധിപ്പിക്കാനും സാധിച്ചു. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളും സ്വകാര്യ മേഖലയുടെ സഹായത്തോടെ അനുബന്ധമായി സ്ഥാപിച്ചിരുന്നു. നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ മത്സ്യങ്ങളെ ഉൽപാദിപ്പിച്ച് കടലിൽ നിക്ഷേപിക്കുന്നതിനുള്ള സാധ്യതകളും കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. മത്സ്യവളർത്തു കേന്ദ്രം വഴി വർഷംതോറും നിരവധി മത്സ്യങ്ങളെ ഉൽപാദിപ്പിച്ച് കടലിൽ നിക്ഷേപിച്ചു.
ദീർഘകാല പദ്ധതിയെന്ന നിലക്കും നിക്ഷേപമെന്ന നിലക്കും മേഖലയെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി കഴിവുറ്റവരുടെ സേവനം ഉപയോഗപ്പെടുത്തും. ഹൗദുൽ ഖലീജ് മത്സ്യവളർത്തു കമ്പനി രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. മന്ത്രിയോടൊപ്പം കാർഷിക, മത്സ്യ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ, മത്സ്യവളർത്തു വിഭാഗം മേധാവി ഹുസൈൻ ജഅ്ഫർ മക്കി എന്നിവരും അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.