Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ പ്രവാസത്തിന്...

ബഹ്‌റൈൻ പ്രവാസത്തിന് വിരാമം; 38 വർഷത്തെ ഓർമകളുമായി നാസർ നാട്ടിലേക്ക്

text_fields
bookmark_border
ബഹ്‌റൈൻ പ്രവാസത്തിന് വിരാമം; 38 വർഷത്തെ ഓർമകളുമായി നാസർ നാട്ടിലേക്ക്
cancel
camera_alt

നാസർ

മനാമ: 38 വർഷത്തെ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ പ്രിയപ്പെട്ട നാടിനോട് യാത്ര പറയുകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി നാസർ. യൗവനത്തിന്റെ ആദ്യ നാളുകളിൽ പ്രവാസം തിരഞ്ഞെടുത്ത നാസറിന് കഴിഞ്ഞുപോയ മൂന്നുപതിറ്റാണ്ടിലേറെക്കാലം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളാണ്. ജന്മനാടിനേക്കാളേറെക്കാലം അന്യനാട്ടിൽ കഴിഞ്ഞതിനാൽ ആഴത്തിലുള്ള ബന്ധങ്ങളും സൗഹൃദങ്ങളുമാണ് ബഹ്‌റൈനിൽ അദ്ദേഹം വളർത്തിയെടുത്തത്.

1988-ൽ ബോംബെ വഴിയാണ് നാസർ ബഹ്‌റൈനിൽ എത്തിച്ചേരുന്നത്. നാട്ടുകാരനും സഹാറ റസ്റ്റാറന്റ് ഉടമയുമായിരുന്ന അബ്ദുല്ലക്ക വഴിയാണ് വിസ ലഭിക്കുന്നതും ഇവിടെയെത്തുന്നതും. തുടർന്ന് ഈസ്റ്റ് റിഫ ഫിഷ് മാർക്കറ്റിൽ ജോലിക്കായി പ്രവേശിച്ചു. മുൻപരിചയമില്ലാത്ത ജോലിയായിരുന്നിട്ടും കച്ചവടത്തിന്റെ തന്ത്രങ്ങൾ നാസർ പെട്ടെന്നുതന്നെ പഠിച്ചെടുത്തു. പത്തുവർഷത്തോളം ബഹ്‌റൈനി പൗരന്റെ കടയിൽ സഹായിയായി ജോലി ചെയ്ത അദ്ദേഹം, പിന്നീട് ആ കച്ചവടം സ്വന്തമായി ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ഈസ്റ്റ് റിഫ ഫിഷ് മാർക്കറ്റിലെ ആദ്യത്തെ മലയാളി മീൻ കച്ചവടക്കാരനെന്ന ഖ്യാതി ഇന്നും നാസറിനുള്ളതാണ്. താൻ വന്നിറങ്ങിയ കാലത്ത് ആ മാർക്കറ്റിൽ ഒരു മലയാളി പോലുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷമാണ് കൂടുതൽ മലയാളികൾ ഈ രംഗത്തേക്ക് കടന്നുവരുന്നത്. സ്വന്തമായി കച്ചവടം തുടങ്ങിയ കാലത്ത് സഹായത്തിനായി സഹോദരങ്ങളായ നസീറിനെയും മുഹമ്മദലിയെയും നാസർ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നു. പിന്നീട് മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയെങ്കിലും, ഇപ്പോൾ നസീറും സഹോദരിയുടെ മക്കളും ചേർന്നാണ് കടയുടെ നടത്തിപ്പ്. വെറുമൊരു തൊഴിലാളിയായി തുടങ്ങി ഇന്ന് രണ്ട് കടകളുടെ ഉടമയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ ആധുനിക ഫിഷ് മാർക്കറ്റ് നിർമ്മിക്കുന്നതിന് മുൻപ്, ചെറിയ കാർ ഷെഡുകൾ പോലുള്ള തട്ടുകളിൽ മീൻ വിറ്റുകൊണ്ടായിരുന്നു തുടക്കം. പിന്നീട് മാർക്കറ്റ് നവീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോഴും ആ പഴയകാല ഓർമ്മകളെല്ലാം നാസർ ഒപ്പം കൂട്ടി. ബഹ്‌റൈനിൽ വന്നിറങ്ങിയ കാലം മുതൽ പ്രവാസത്തോട് വിടപറയുന്ന കാലം വരെ ഒരേയിടത്ത് മാത്രം ജോലി ചെയ്തു എന്ന അപൂർവ്വതയും നാസറിന്റെ പ്രവാസ ജീവിതത്തെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ 18 വർഷമായി ഭാര്യ സുബൈറത്തും നാസറിനൊപ്പം ബഹ്‌റൈനിലുണ്ട്. ജീവിക്കാൻ അതിമനോഹരമായ ഇടവും ഹൃദയവിശാലതയുള്ള മനുഷ്യരുമുള്ള നാടാണ് ബഹ്‌റൈൻ എന്ന് നാസർ സ്നേഹത്തോടെ ഓർക്കുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകളാണ് ഇപ്പോൾ നാടണയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എങ്കിലും പൂർണ്ണ വിശ്രമത്തിലേക്ക് അല്ല നാസറിന്റെ മടക്കം; നാട്ടിലെത്തിയാലും എന്തെങ്കിലും തൊഴിലുമായി സജീവമായിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nriBahrainEast RiffaLife Men
News Summary - Nasser returns home with 38 years of memories
Next Story