നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സ്പോർട്സ് സീസൺ; ജനപ്രീതിയോടെ എട്ടാം പതിപ്പിന് വിജയകരമായ മുന്നേറ്റം
text_fieldsപേൾ ഡൈവിങ് മത്സരത്തിൽ നിന്ന്
മനാമ: ജൂലൈയിൽ ആരംഭിച്ച നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സ്പോർട്സ് സീസൺ വൻ വിജയത്തോടെ മുന്നേറുന്നതായി സംഘാടകർ. എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ ജനകീയ മത്സരത്തിന്റെ എട്ടാം പതിപ്പാണിത്.ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ആഘോഷം കൂടിയാണ് ഇത്തവണത്തേത്. ഈന്തപ്പായൽ, പേൾ ഡൈവിങ്, ശ്വാസം പിടുത്തം, കടൽഗാനങ്ങൾ, പരമ്പരാഗത വള്ളംകളി, മത്സ്യബന്ധനം തുടങ്ങിയ വിവിധ സമുദ്ര കായികമത്സരങ്ങളിലായി ബഹ്റൈനിൽനിന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള 300 ലധികം മത്സരാർഥികൾ ഇതുവരെ എട്ടാം പതിപ്പിൽ പങ്കെടുത്തു.ഇത് മത്സരങ്ങളുടെ ജനപ്രീതിയാണ് തെളിയിക്കുന്നതെന്നും സമുദ്ര കായിക മത്സര കലണ്ടറിലെ പ്രധാനപ്പെട്ട വാർഷിക ആഘോഷമായി മറൈൻ ഹെറിറ്റേജ് സ്പോർട്സ് മാറിയതായും ഡയറക്ടർ അഹമ്മദ് അൽ ഷംലാൻ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ നടന്ന ഓപൺ വാട്ടർ സ്വിമ്മിങ് മത്സരവും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരോടുള്ള ബഹുമാനസൂചകമായി സംഘടിപ്പിച്ച ‘അൽ ഹയർ’ പേൾ ഡൈവിങ് മത്സരവുമാണ് തുടക്കത്തിൽ ശ്രദ്ധനേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് അവസാനം അണ്ടർവാട്ടർ ശ്വാസം പിടിത്ത മത്സരത്തിന്റെ രണ്ട് റൗണ്ടുകൾ നടക്കും. തുടർന്ന് സെപ്റ്റംബർ 19ന് ‘അൽ നഹ്ഹാം’ കടൽഗാന മത്സരം അരങ്ങേറും. വള്ളംകളി മത്സരങ്ങൾ സെപ്റ്റംബറിലും ഒക്ടോബറിലുമായി നടക്കും. യുവാക്കൾക്കുള്ള സ്വിമ്മിങ് മത്സരം കൂടി സീസണിന്റെ ഭാഗമായി നടക്കും. മത്സ്യബന്ധനമായ ‘അൽ ഹദ്ദാഖ് മത്സരം’ ഒക്ടോബർ, നവംബർ മാസങ്ങളിൽ രണ്ട് റൗണ്ടുകളായി നടക്കും.
സമ്പ്രദായിക വള്ളംകളി മത്സരത്തോടെ സീസൺ നവംബറിൽ സമാപിക്കും. ബഹ്റൈൻ ഇൻഹെരിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെയും അകമഴിഞ്ഞ പിന്തുണ സീസണ് ലഭിക്കുന്നുണ്ടെന്നും ഇത് ബഹ്റൈൻ സമൂഹത്തിന്റെ ആത്മീയതയും സമ്പന്നമായ പാരമ്പര്യവും യുവ തലമുറകളിലെത്തിക്കുന്ന ദേശീയ ഉത്സവവേദി കൂടിയാണെന്നും അൽ ഷംലാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

