നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് മത്സരങ്ങൾ ഇന്നു മുതൽ
text_fieldsനാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ഭാഗമായുള്ള
നീന്തൽ മൽസരങ്ങൾ (ഫയൽ ചിത്രം)
മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ഏഴാമത് എഡിഷൻ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റി (മാവ്റൂത്ത്) അറിയിച്ചു. നീന്തൽ മത്സരത്തോടെയാണ് തുടക്കം. 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
നീന്തലിൽ മത്സരാർഥികളെ 30നും 45നുമിടയിൽ പ്രായമുള്ളവർ, 46നും 60നുമിടയിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും 1000 മീറ്റർ, 800 മീറ്റർ എന്നിങ്ങനെ രണ്ട് മത്സരങ്ങളുമുണ്ടാകും. നീന്തുമ്പോൾ ഉപയോഗിക്കുന്ന കണ്ണട ഒഴികെ, നീന്തലിൽ സഹായിക്കുന്ന ഉപകരണങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല.
മനാമക്കും മുഹറഖിനും ഇടയിലുള്ള സമുദ്രമേഖലയിൽ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിന് എതിർവശത്താണ് മത്സരം നടക്കുക. രണ്ട് വിഭാഗങ്ങളിലായി 40ഓളം പേർ മത്സരിക്കും.പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, മീൻപിടിത്തം തുടങ്ങിയവയും മത്സരങ്ങളിൽ പെടും. ഈ വർഷത്തെ പതിപ്പിൽ നാല് പ്രധാന മത്സരങ്ങളാണ് നടക്കുകയെന്ന് മാവ്റൂത്ത് ബോർഡ് അംഗം അഹമ്മദ് അൽ ഖൽഫാൻ പറഞ്ഞു.
ഓപൺ സ്വിമ്മിങ്, ഹഡാക്ക് ഫിഷിങ് മത്സരം, അണ്ടർവാട്ടർ ബ്രെത്ത് ഹോൾഡിങ് മത്സരം എന്നിവക്കൊപ്പം തുഴച്ചിൽ മത്സരവുമുണ്ടാകും. മത്സരങ്ങൾ നവംബർ വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് Mawrooth Instagram പേജ് @mawroothbh സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

