അറബ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
text_fieldsമോദി എക്സിൽ പങ്കുവെച്ച അറബ് നേതാക്കളുമായുള്ള ചിത്രം
മനാമ: രണ്ടാം ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, വിവിധ അറബ് പ്രതിനിധി സംഘത്തലവന്മാർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും പ്രാദേശിക സമാധാനത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ജനകീയ ബന്ധത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വർഷങ്ങളായി ഇരുപക്ഷത്തെയും ബന്ധത്തെ പ്രചോദിപ്പിക്കുന്നത് ഈ സൗഹൃദമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി വീണ്ടും വ്യക്തമാക്കി. ഗസ്സ സമാധാനപദ്ധതി ഉൾപ്പെടെ നിലവിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ അദ്ദേഹം സ്വാഗതംചെയ്തു.
മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ അറബ് ലീഗ് വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാവിയിൽ ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള പങ്കാളിത്തം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പ്രതിനിധി സംഘവുമായി പങ്കുവെച്ചു.എക്സിലൂടെ അറബ് നേതാക്കളുമായുള്ള ചിത്രവും പ്രധാനമന്ത്രി പങ്കിട്ടു. ചിത്രത്തോടൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചു. ‘‘ലീഗ് ഓഫ് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധികളെയും ഇന്ന് സ്വാഗതം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങൾ, ഊർജസ്വലരായ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, ശക്തമായ സാഹോദര്യ ബന്ധങ്ങൾ, സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പൊതുപ്രതിബദ്ധത ഞങ്ങൾ പങ്കിടുന്നു.
അറബ് ലോകം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സാങ്കേതികവിദ്യ, ഊർജം, വ്യാപാരം, നവീകരണം എന്നിവയിലെ മെച്ചപ്പെട്ട സഹകരണത്തിലൂടെ പുതിയ മാനങ്ങൾ തുറക്കുമെന്നും നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് മാറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്’’ -മോദി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

