Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി തൊഴിലാളികൾക്ക് താങ്ങായി എം.ഡബ്ല്യു.പി.എസ്

text_fields
bookmark_border
കണ്ണീരൊപ്പിയത് നിരവധി ഇന്ത്യക്കാരടക്കമുള്ളവരുടെ ജാഗ്രത
പ്രവാസി തൊഴിലാളികൾക്ക് താങ്ങായി എം.ഡബ്ല്യു.പി.എസ്
cancel
Listen to this Article

മനാമ: ബഹ്‌റൈനിൽ പ്രയാസമനുഭവിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കാൻ സജീവമായി രംഗത്തുള്ള മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്), കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നിരവധി പേരുടെ പ്രശ്നങ്ങൾക്കാണ് പരിഹാരം കണ്ടത്. വിസ കാലാവധി കഴിഞ്ഞവർ, യാത്രാവിലക്ക് നേരിട്ടവർ, പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ തുടങ്ങി വലിയ പ്രതിസന്ധിയിലായ ഒട്ടേറെപേർക്ക് സംഘടന തുണയായെത്തി.

കഠിന ജോലിഭാരത്തെതുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ ഒരു ഇന്ത്യൻ സ്വദേശിനിയെ സ്പോൺസർ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. മതിയായ രേഖകളോ നാട്ടിലേക്ക് മടങ്ങാൻ പണമോ ഇല്ലാതിരുന്ന ഇവർക്ക്, വിസ പിഴകൾ അടക്കാനും വിമാന ടിക്കറ്റ് നൽകാനും എം.ഡബ്ല്യു.പി.എസ് മുൻകൈയെടുത്തു. കൂടാതെ ഒരുവർഷത്തിലേറെയായി ദിവസവും 16 മണിക്കൂർ ജോലി ചെയ്യേണ്ടിവന്ന ശ്രീലങ്കൻ യുവതിക്ക് നീതി ലഭിക്കാനും സംഘടന തുണയായി. സ്വന്തം സ്പോൺസറുടെ വീടിന് പുറമെ മറ്റ് മൂന്ന് വീടുകളിലും റസ്റ്റാറന്റിലും ഇവരെക്കൊണ്ട് നിർബന്ധപൂർവം ജോലി ചെയ്യിച്ചിരുന്നു.

പരിക്കേറ്റിട്ടും ചികിത്സയോ ശമ്പളമോ നൽകാൻ തയാറാകാതിരുന്ന സ്പോൺസർ, ഇവർക്കെതിരെ വ്യാജമായി ‘റൺ എവേ’ കേസ് ഫയൽ ചെയ്യുകയുംചെയ്തു. പൊലീസ്, എൽ.എം.ആർ.എ, എംബസി എന്നിവയുമായി ചേർന്ന് എം.ഡബ്ല്യു.പി.എസ് ഇവരുടെ പാസ്‌പോർട്ട് വീണ്ടെടുത്ത് നാട്ടിലയക്കുകയായിരുന്നു. അതിനുപുറമേ വാടക കുടിശ്ശികയുടെ പേരിൽ ലാൻഡ്‌ലോർഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയ, മറവിരോഗം ബാധിച്ച മറ്റൊരു ശ്രീലങ്കൻ സ്വദേശിയെ നാട്ടിലെത്തിക്കാൻ സംഘടന സഹായിച്ചു.

ഓരോ കേസും കേവലം നിയമപ്രശ്നങ്ങളല്ല, മറിച്ച് മനുഷ്യത്വപരമായ കഥകളാണെന്ന് എം.ഡബ്ല്യു.പി.എസ് ചെയർപേഴ്സൻ മോന അൽ മൊഈദ് പറഞ്ഞു. അന്തസ്സോടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിയമസഹായം തേടുന്നവർക്കും തണലാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തെത്തുന്ന ഓരോ വ്യക്തിക്കും അർഹമായ പരിഗണനയും സംരക്ഷണവും ഉറപ്പാക്കുന്ന ഒരു സാമൂഹികസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സൊസൈറ്റി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MWPS supports expatriate workers
Next Story