നാലു പതിറ്റാണ്ടിെൻറ അനുഭവങ്ങളുമായി മുസ്തഫ മയ്യന്നൂർ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsമുസ്തഫ മയ്യന്നൂർ
മനാമ: ഏകദേശം നാല് പതിറ്റാണ്ടിനടുത്ത പ്രവാസ ജീവിതത്തോട് വിടചൊല്ലി മുസ്തഫ മയ്യന്നൂർ നാട്ടിലേക്കു മടങ്ങുന്നു. വടകര മയ്യന്നൂർ സ്വദേശിയായ മുസ്തഫ 1983ൽ അറബി വീട്ടിലെ പാചകക്കാരനായാണ് പവിഴദ്വീപിൽ എത്തിയത്.
രണ്ട് വർഷത്തിനിപ്പുറം ലൈസൻസ് നേടി ആ വീട്ടിൽതന്നെ ഡ്രൈവർ ആയി. 23 വർഷം ആ വീട്ടിൽ ഒരംഗം എന്ന പോലെ ജോലി ചെയ്തതിനു ശേഷം ഒന്നര പതിറ്റാണ്ടായി ബഹ്റൈൻ റോയൽ കോർട്ടിലാണ് ജോലി.
വലിയ ഗ്രാമം എന്ന് പറയാവുന്ന തരത്തിലായിരുന്നു 80കളിലെ ബഹ്റൈെൻറ അവസ്ഥയെന്ന് അദ്ദേഹം പറയുന്നു. വർഷങ്ങൾക്കിപ്പുറം സ്വപ്ന സമാനമായ വികസനവും വളർച്ചയുമാണ് നേടിയെടുത്തത്. പണ്ട് മനാമയിൽനിന്നും മുഹറഖിലേക്ക് ഒരു പാലം മാത്രമാണെങ്കിൽ ഇന്ന് അനവധി പാലങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും ഒക്കെയായി നാടിനെ വികസിപ്പിക്കുന്നതിൽ ഭരണാധികാരികളുടെ പങ്കും ദീർഘവീക്ഷണവും വളരെ വലുതാണെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളോ ടെലിവിഷനോ ഇല്ലാതിരുന്ന, പത്രം പോലും രണ്ടുദിവസം കഴിഞ്ഞുകിട്ടുന്ന അക്കാലത്ത് ജോലി കഴിഞ്ഞുള്ള ഒഴിവുവേളകൾ പൊതുപ്രവർത്തനത്തിന് നീക്കിവെച്ചിരുന്നു.വിസ സംബന്ധമായ പ്രശ്നങ്ങളിൽ കുടുങ്ങിയ പലരെയും അർബാബിെൻറ സഹായത്താൽ രക്ഷപ്പെടുത്താൻ കഴിഞ്ഞത് അദ്ദേഹം ചാരിതാർഥ്യത്തോടെ ഓർത്തെടുക്കുന്നു.
തൊണ്ണൂറുകളിലെ ഗൾഫ് യുദ്ധ കാലത്ത് മിസൈൽ പതിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മുഴങ്ങുന്ന സൈറണും അത് കേട്ട് വെപ്രാളത്തോടെ വീടകങ്ങളിലേക്കു പായുന്ന ജനങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. റോയൽ കോർട്ടിലെ കാലഘട്ടത്തിനിടയിൽ രാജാവ് ഹമദ് ബിൻ ഈസയുമായി സംവദിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമായി മനസ്സിലുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി രണ്ട് ദശാബ്ദങ്ങൾക്കു മുമ്പ് സി.എച്ച് സെൻറർ തുടങ്ങിയപ്പോൾ ബഹ്റൈൻ ചാപ്റ്ററിന് മുഹറഖ് കേന്ദ്രമാക്കി തുടക്കംകുറിച്ചതും പ്രഥമ ജനറൽ സെക്രട്ടറിയായതും മുസ്തഫ മയ്യന്നൂരായിരുന്നു. നിലവിൽ വടകര സി.എച്ച് സെൻറർ ബഹ്റൈൻ ഘടകം പ്രസിഡൻറായി പ്രവർത്തിക്കുകയാണ്.
കൂടാതെ, കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം, കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡൻറ്, മയ്യന്നൂർ മഹല്ല് ബഹ്റൈൻ കമ്മിറ്റി സെക്രട്ടറി, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
നീണ്ട 38 വർഷത്തെ ഹൃദയസ്പർശിയായ അനുഭവങ്ങളും ഓർമകളും നിഷ്കളങ്കമായ സൗഹൃദങ്ങളും നെഞ്ചോടു ചേർത്തുപിടിച്ചു ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയുന്നതിന് തിങ്കളാഴ്ച അദ്ദേഹം നാട്ടിലേക്ക് തിരിക്കും. തെൻറ പ്രവാസ അനുഭവങ്ങൾ വരുംതലമുറക്കായി പുസ്തകരൂപത്തിൽ രേഖപ്പെടുത്തണമെന്ന ആഗ്രഹം കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

