ഗാനസന്ധ്യയുമായി വൈക്കം വിജയലക്ഷ്മി ബഹ്‌റൈൻ കേരളീയ സമാജത്തിൽ
text_fieldsവൈക്കം വിജയലക്ഷ്മി
മനാമ: സംഗീതലോകത്ത് തന്റെ അതുല്യമായ ശബ്ദത്തിലൂടെയും സംഗീതപ്രതിഭയിലൂടെയും വേറിട്ട സ്ഥാനം നേടിയ ഗായിക വൈക്കം വിജയലക്ഷ്മി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഗാനസന്ധ്യ അവതരിപ്പിക്കുന്നു. സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി സെപ്റ്റംബർ 17-ന് വൈകിട്ട് 7.30ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രത്യേക സംഗീതസന്ധ്യ അരങ്ങേറുന്നത്.
കാഴ്ചപരിമിതിയെ അതിജീവിച്ച് സംഗീതലോകത്ത് സ്വന്തമായൊരു ഇടം നേടിയ വൈക്കം വിജയലക്ഷ്മി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ്. ചെറുപ്പം മുതൽ തന്നെ സംഗീതത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച അവർ, കേൾവിയിലൂടെ നൂറിലധികം രാഗങ്ങൾ സ്വായത്തമാക്കിയ സംഗീതപ്രതിഭയാണ്. ആറാം വയസ്സിൽ തന്നെ ആദ്യമായി വേദിയിൽ പാടിയ വിജയലക്ഷ്മി, പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ശ്രദ്ധേയ ഗാനങ്ങൾ ആലപിച്ചു.
2013-ൽ പുറത്തിറങ്ങിയ ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെയാണ് സിനിമാഗാനരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. ഈ ഗാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. തുടർന്ന് ബാഹുബലി: ദി ബിഗിനിംഗ്, തെരി, ജയ് ഭീം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തന്റെ സാന്നിധ്യം ശക്തമാക്കി.
2026-ൽ സംഗീതജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മി, 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നേടി. എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഹൃദയസ്പർശിയായ താരാട്ടുപാട്ടിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. സംഗീതസംവിധായകൻ ധിബു നിനാൻ തോമസാണ് ഗാനത്തിന് സംഗീതം പകർന്നത്. ഗായിക എന്ന നിലയിൽ മാത്രമല്ല, അപൂർവമായ ഗായത്രി വീണ വായിക്കുന്നതിലും വൈക്കം വിജയലക്ഷ്മി ശ്രദ്ധേയയാണ്. ഒറ്റക്കമ്പിയുള്ള ഈ അപൂർവ വാദ്യോപകരണത്തിൽ നേടിയ പ്രാവീണ്യം അവരുടെ സംഗീതയാത്രയിലെ മറ്റൊരു പ്രത്യേകതയാണ്.
ദേശീയ പുരസ്കാരത്തിന്റെ തിളക്കവുമായി ബഹ്‌റൈനിലെത്തുന്ന വൈക്കം വിജയലക്ഷ്മിയുടെ ഗാനസന്ധ്യ ‘ശ്രാവണം 2026’ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. സംഗീതപ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ പ്രത്യേക സംഗീതവിരുന്നിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രവണം ജനറൽ കൺവീനർ ഹരികൃഷ്‌ണൻ ബി നായർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

