സാമൂഹിക പ്രവർത്തകരുടെ കരുതലിൽ മുർസലിം നാട്ടിലേക്ക് മടങ്ങി
text_fieldsഉത്തർപ്രദേശ് സ്വദേശിയായ മുർസലിമിനെ നാട്ടിലേക്ക് യാത്രയാക്കുന്നു
മനാമ: ദുരിത ജീവിതത്തിനൊടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മുഹമ്മദ് മുർസലിം നാട്ടിലേക്ക് യാത്രയായി.
പക്ഷാഘാതത്തെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്.
ഐ.സി.ആർ.എഫ്, ഇന്ത്യൻ എംബസി, ബഹ്റൈൻ എമിഗ്രേഷൻ വിഭാഗം, ഹോപ് ബഹ്റൈൻ എന്നിവരുടെ സഹായമാണ് മുർസലിമിന് തുണയായത്.
ഉത്തർപ്രദേശ് സ്വദേശിയായ മുർസലിം 2020 മാർച്ചിലാണ് വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയത്.
തൊട്ടുപിന്നാലെ കോവിഡ് ലോക്ഡൗണും നിലവിൽ വന്നു. സ്ഥിരമായ ഒരു ജോലി ലഭിക്കാതെ കിട്ടുന്ന ജോലികൾ ചെയ്ത് ഇവിടെ തുടരുന്നതിനിടയിൽ ഹൃദയാഘാതം വന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായി. പിന്നീട് സ്ട്രോക്ക് കൂടി സംഭവിച്ചതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.
ഹോപ് ബഹ്റൈൻ ഹോസ്പിറ്റൽ ടീമിന്റെ സന്ദർശനത്തിനിടെ ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയിൽപെടുകയും തുടർന്ന് വേണ്ട പരിചരണം നൽകുകയും ചെയ്തു. സാബു ചിറമേലിന്റെ നേതൃത്വത്തിലാണ് ആവശ്യമായ സഹായങ്ങൾ നൽകിയത്.
കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹത്തിന്റെ വിവരം ഐ.സി.ആർ.എഫ് ഭാരവാഹികൾക്ക് മുന്നിൽ എത്തുന്നത്. വിസിറ്റ് വിസയിൽ തുടർന്നതിനാൽ 1440 ദീനാർ പിഴ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി എമിഗ്രേഷൻ അധികൃതർ പിഴ ഒഴിവാക്കി നൽകി. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്.
റിഫയിലെ ഒരു ഖുബ്ബൂസ് കടയിൽ ജോലി ചെയ്തിരുന്ന അറുപത്തിയാറുകാരനായ ഇദ്ദേഹത്തിന് കടയിലെ കസ്റ്റമറായിരുന്ന പാകിസ്താൻ സ്വദേശി ഹിജാസ് യാത്ര ടിക്കറ്റ് എടുത്തുനൽകി.
അഞ്ചുമക്കളുള്ള മുർസലിമിന്റെ കുടുംബത്തിന് ഗൾഫ് കിറ്റും യാത്രചെലവിനുള്ള സാമ്പത്തിക സഹായവും ഹോപ് ബഹ്റൈൻ നൽകി.
ഹോപ്പിന്റെ ഹോസ്പിറ്റൽ സന്ദർശന ടീം അംഗങ്ങളായ ഷാജി ഇളമ്പിലായി, അഷ്കർ പൂഴിത്തല, എംബസി ഉദ്യോഗസ്ഥൻ, ഐ.സി.ആർ.എഫ് അംഗം ജവാദ് പാഷ, ഹിജാസ്, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ ചേർന്നാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
ഒന്നരമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തുകയും പിന്നീട് ഹൃദയാഘാതവും സ്ട്രോക്കും സംഭവിച്ച് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി സനൂദിനും ഹോപ്പിന്റെ ഗൾഫ് കിറ്റ് നൽകി. ഇദ്ദേഹവും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.