മനാമയിൽ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി
text_fieldsഅനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നു
മനാമ: പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 2203 അനധികൃത തെരുവ് സ്റ്റാളുകളും വണ്ടികളും 268 അനധികൃത കയറ്റുമതികളും കണ്ടുകെട്ടി തലസ്ഥാന മുനിസിപ്പാലിറ്റി.
അനധികൃത കച്ചവടങ്ങൾക്കെതിരെയുള്ള മുനിസിപ്പാലിറ്റിയുടെ ശക്തമായ നടപടിയുടെ ഭാഗമായാണിത്. 2019ലെ പൊതു റോഡ് ഒക്യുപൻസി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്.
കച്ചവടക്കാർ ഔദ്യോഗിക, നിയമപരമായ, ലൈസൻസുള്ള മാർഗങ്ങളിലൂടെ മാത്രം വാണിജ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു.
അനധികൃത കച്ചവടങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭക്ഷണ വിതരണം, ഗതാഗതക്കുരുക്ക്, കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കൽ തുടങ്ങിയ പ്രശ്നങ്ങളെത്തുടർന്നാണ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കിയത്.
മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലുള്ള ശൈഖ് ഹമദ് റോഡ്, സസാ സ്ട്രീറ്റ്, ശൈഖ് അബ്ദുല്ല റോഡ്, ഇമാം ഹുസൈൻ അവന്യൂ, സുബാര അവന്യൂ, ബാബ് അൽ ബഹ്റൈൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ. മനാമയിലുടനീളം തുടർന്ന പരിശോധനയിൽ ഈ വർഷം ജനുവരിയിൽ ഏകദേശം 152 സ്റ്റാളുകളും 47 വണ്ടികളും കണ്ടുകെട്ടിയിട്ടുണ്ട്.
സുരക്ഷ, ശുചിത്വ ചട്ടങ്ങൾ ലംഘിച്ച് തുറസ്സായ സ്ഥലത്ത് വിൽപന നടത്തിയ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുക്കുകയും ചെയ്തു.
വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ @moic.gov.bh എന്ന ഇ-മെയിൽ വിലാസത്തിലോ 17007003 എന്ന നമ്പറിലോ പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

