മുഹറഖിന്റെ 'ഫാൽക്കൺ സ്മാരകം' പൊളിക്കില്ല; വികസനത്തിന് മുന്നിൽ പതറാതെ മുനിസിപ്പൽ കൗൺസിൽ
text_fieldsമുഹറഖിലെ ഫാൽകൺ സ്മാരകം
മനാമ: ബഹ്‌റൈൻ വിമാനത്താവളത്തിലേക്കുള്ള റോഡിൽ വർഷങ്ങളായി തലയുയർത്തി നിൽക്കുന്ന ഫാൽക്കൺ സ്മാരകം മാറ്റാനുള്ള നീക്കത്തിന് തടയിട്ട് മുഹറഖ് മുനിസിപ്പൽ കൗൺസിൽ. എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി സ്മാരകം നീക്കം ചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആവശ്യം കൗൺസിൽ ഐകകണ്ഠ്യേന തള്ളി.
പദ്ധതി പൂർത്തിയാകുമ്പോൾ സ്മാരകം ഫ്ലൈഓവറുകൾക്ക് പിന്നിൽ മറഞ്ഞുപോകുമെന്നും, നിർമ്മാണത്തിനിടെ അതിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമുള്ള മന്ത്രാലയത്തിന്റെ വാദങ്ങൾ കൗൺസിൽ അംഗങ്ങൾ അംഗീകരിച്ചില്ല.
സ്മാരകം മുഹറഖിന്റെ അടയാളമാണെന്നും അത് നീക്കം ചെയ്യുന്നത് ചരിത്രത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. റോഡ് വികസനം കഴിഞ്ഞാൽ സ്മാരകം വ്യക്തമായി കാണാൻ കഴിയില്ലെന്നത് അത് നീക്കം ചെയ്യാനുള്ള കാരണമായി കാണാൻ പറ്റില്ലെന്നും, മുഹറഖിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട ഒന്നിനെ മായ്ച്ചുകളയാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അൽ നാർ പറഞ്ഞു.
എയർപോർട്ട് റോഡിലെ ഗതാഗത ശേഷി മണിക്കൂറിൽ 5,250 വാഹനങ്ങളിൽ നിന്ന് 16,000 ആയി ഉയർത്തുന്ന വലിയ വികസന പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയം ഇത് പൊളിക്കാനുള്ള അനുമതി തേടിയത്. പഴയ കല്ലുകൊണ്ട് നിർമ്മിച്ച സ്മാരകം മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് പൂർണമായും തകർന്നുപോയേക്കാമെന്നും, ഫ്ലൈ ഓവറിന്റെ പൈലിംഗ് ജോലികൾ നടക്കുമ്പോൾ സ്മാരകം അവിടെ നിലനിർത്തുന്നത് നിർമ്മാണ സുരക്ഷയെ ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
കൂടാതെ, സ്മാരകം പൊളിച്ചുമാറ്റി ഫൈബർ ഗ്ലാസ് മാതൃക സ്ഥാപിക്കുകയോ, മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യാം എന്ന നാല് നിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയെങ്കിലും കൗൺസിൽ എല്ലാം നിരസിക്കുകയായിരുന്നു. നേരത്തെ ഇതേ പദ്ധതിയുടെ ഭാഗമായി റോഡിന്റെ മറുവശത്തുണ്ടായിരുന്ന വെള്ളച്ചാട്ടം പൊളിച്ചുനീക്കിയത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അത് ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
നിലവിൽ സ്മാരകം നീക്കം ചെയ്യാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. എന്നാൽ, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജിന് കൗൺസിൽ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വിഷയം ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വിടും. മുഹറഖിന്റെ പ്രൗഢിയായി ഫാൽക്കൺ ശില്പം അവിടെത്തന്നെ നിലനിൽക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള പ്രാദേശിക ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

