പൈതൃകപ്പെരുമയുമായി മുഹറഖ് നൈറ്റ്സ്; ചരിത്രവീഥിയിൽ ആഘോഷത്തിരക്ക്
text_fieldsമുഹറഖ് നൈറ്റ്സിൽ നിന്ന്
മനാമ: മുഹറഖിന്റെ ചരിത്രപ്രസിദ്ധമായ തെരുവുകളിലും പൈതൃക ഭവനങ്ങളിലും വിസ്മയമൊരുക്കി നാലാമത് 'മുഹറഖ് നൈറ്റ്സ്' ഫെസ്റ്റിവൽ തുടരുന്നു. 'സെലിബ്രേറ്റ് ബഹ്റൈൻ 2025'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മേള, യുനെസ്കോ പൈതൃകപട്ടികയിലുള്ള പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എല്ലാ പ്രായക്കാർക്കുമായി വിനോദവും വിജ്ഞാനവും പകരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി നിരവധി വർക്ക്ഷോപ്പുകളും കളിക്കളങ്ങളും മേളയിലുണ്ട്. അൽ ഗുസ് ഹൗസിൽ ‘ഫാത്തിമ സ്റ്റോറി ആൻഡ് ഡോൾഹൗസ്' എന്ന പേരിൽ കുട്ടികൾക്കായി ഒരുക്കിയ ഇന്ററാക്ടീവ് കഥപറച്ചിൽ അതിമനോഹരമാണ്. ബദർ ഗുലാം ഹൗസിലും തുറാബി ഹൗസിലും സജ്ജീകരിച്ചിട്ടുള്ള 'ഹൂപ്പ: ഹീറോസ് അഡ്വഞ്ചർ ഹാൾ' കുട്ടികൾക്ക് മികച്ച നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. ജെഹാൻ സാലിഹ് സ്റ്റുഡിയോയുടെ ചിത്രരചന സെഷനുകൾ, സോഫിയ ബുക്ക്സ്റ്റോർ ഒരുക്കുന്ന വിദ്യാഭ്യാസപരിപാടികൾ, ഏഷ്യൻ പെയിന്റ്സ് ബെർജർ ഒരുക്കിയ ക്രിയേറ്റീവ് സ്പേസ് എന്നിവയും ശ്രദ്ധേയമാണ്.
ബു മാഹിർ ഫോർട്ട് മുതൽ സിയാദി കോംപ്ലക്സ് വരെയുള്ള പേളിങ് പാത്തിൽ ബഹ്റൈനി വിഭവങ്ങളും രാജ്യാന്തരവിഭവങ്ങളും വിളമ്പുന്ന നിരവധി കഫേകളും കിയോസ്കുകളും പ്രവർത്തിക്കുന്നുണ്ട്.
പൈതൃക ഭവനങ്ങളായ ഹനീൻ വാർഡ് ഹൗസ്, ഹനീൻ ലോസ് ഹൗസ്, ഹനീൻ യാസ്മിൻ ഹൗസ്, ഹനീൻ സെദ്ര ഹൗസ് എന്നിവിടങ്ങളിൽ സന്ദർശകർക്കായി പ്രത്യേക ഭക്ഷണശാലകൾ സജ്ജീകരിച്ചിട്ടുണ്ട്. പൈതൃകഭവനമായ 'ബൈത്ത് നാസറി’ൽ സമകാലിക ബഹ്റൈനി വിഭവങ്ങളും ലഭ്യമാണ്.
തത്സമയ സംഗീതപരിപാടികൾ, കരകൗശല പ്രദർശനങ്ങൾ, വിപണികൾ, ഗൈഡഡ് ടൂറുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട പരിപാടികളുടെ വിശദാംശങ്ങൾ പേളിങ് പാത്ത് വെബ്സൈറ്റിലും ബഹ്റൈൻ കൾചർ അതോറിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
ഡിസംബർ 30 വരെ നീളുന്ന മേള ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെയും വ്യാഴം മുതൽ ശനി വരെ വൈകുന്നേരം അഞ്ച് മുതൽ അർധരാത്രി 12 വരെയുമാണ് പ്രവർത്തിക്കുന്നത്. ഫെസ്റ്റിന്റെ അവാസാന ആഴ്ചകളിലേക്കാണ് ഇനി കടക്കുന്നത്.
ആവേശത്തിന്റെയും ആഘോഷത്തിന്റെയും നല്ല രാവുകളെ ആസ്വദിക്കാൻ പറ്റിയ അവസരം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

