‘മുഹറഖ് നൈറ്റ്സ്’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fields‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവലിൽ നിന്ന് (ഫയൽ)
മനാമ: ബഹ്റൈനിലെ ചരിത്രനഗരമായ മുഹറഖിന്റെ പൈതൃകവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടുന്ന നാലാമത് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് (ബി.എ.സി.എ) ആണ് ഡിസംബർ ഒന്നു മുതൽ 30 വരെ നീളുന്ന പരിപാടിയുടെ അന്തിമ തയാറെടുപ്പുകൾ പൂർത്തിയാക്കുന്നത്. മുഹറഖിലെ പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക.
നഗരത്തിന്റെ ചരിത്രപരമായ സ്വത്വം ഊട്ടിയുറപ്പിക്കാനും സാംസ്കാരികാനുഭവം പുതുക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതായി ബി.എ.സി.എ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കാൻ ഈ സുപ്രധാന പരിപാടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ നടക്കുക. വ്യാഴം മുതൽ ശനി വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെയും പ്രവർത്തനസജ്ജമാകും.
3.5 കിലോമീറ്റർ നീളമുള്ള പേളിങ് പാത്തിലും പരിസരത്തെ ചരിത്രപരമായ കെട്ടിടങ്ങളിലും എല്ലാ ദിവസവും വിവിധതരം സാംസ്കാരിക-കലാപരിപാടികൾ അരങ്ങേറും. ലൈവ് മ്യൂസിക്കൽ പ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയ പേളിങ് പാത്തിലൂടെയും യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിൽ ഉൾപ്പെട്ട ചരിത്രപരമായ ഇടവഴികളിലൂടെയുമുള്ള യാത്ര, മുഹറഖിന്റെ സാംസ്കാരിക ജീവിതത്തെ അടുത്തറിയാൻ സന്ദർശകരെ സഹായിക്കും.
കലാപ്രദർശനങ്ങൾ, ഡിസൈൻ, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ, ഭക്ഷണ കോർട്ടുകൾ, സംഗീതപരിപാടികൾ, ഗൈഡഡ് ടൂറുകൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും. ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനും ബഹ്റൈൻ നൽകുന്ന സാംസ്കാരിക പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ ഫെസ്റ്റിവലെന്നും ഇത് 'സെലിബ്രേറ്റ് ബഹ്റൈൻ' സീസണിന്റെ ഭാഗമാണെന്നും ബി.എ.സി.എ വിശദമാക്കി.
പരിപാടിയുടെ കൂടുതൽ വിവരങ്ങളും ദൈനംദിന ഷെഡ്യൂളും പേളിങ് പാത്തിന്റെ വെബ്സൈറ്റിലും ബി.എ.സി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

