മുഹറഖ് നൈറ്റ്സ് നാലാം പതിപ്പ് ഡിസംബറിൽ
text_fieldsമുഹറഖ് നൈറ്റ്സ് (ഫയൽ)
മനാമ: ബഹ്റൈന്റെ പൈതൃകനഗരത്തിന്റെ ഉത്സവലഹരിക്ക് വീണ്ടും തിരിതെളിയാനൊരുങ്ങുന്നു. മുഹറഖ് നൈറ്റ്സിന്റെ നാലാമത്തെ പതിപ്പ് ഡിസംബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ബഹ്റൈൻ കൾചർ ആൻഡ് ആർക്കിയോളജി അതോറിറ്റി (ബി.എ.സി.എ). രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് മുഹറഖ് നൈറ്റ് അരങ്ങേറാറുള്ളത്.
മുഹറഖിന്റെ ഹൃദയഭാഗത്തുള്ള 3.5 കിലോമീറ്റർ നീളമുള്ള പേളിങ് പാത്ത് ബഹ്റൈന്റെ സമ്പന്നമായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ദൃശ്യപരമായ ആഘോഷമാക്കി മാറ്റാറുണ്ട് ഈ പരിപാടി. കഴിഞ്ഞവർഷം നടന്ന മുഹറഖ് നൈറ്റ്സ് അഞ്ച് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചിരുന്നു.
ഓപൺ എയർ ആർട്ട് ഇൻസ്റ്റലേഷനുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, സംഗീതപ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സംവേദനാത്മക സെഷനുകൾ, ഭക്ഷണ സ്റ്റാളുകൾ, പേൾ പാതയിലൂടെയുള്ള പ്രത്യേക ടൂറുകൾ തുടങ്ങിയവ പോയ വർഷം നൈറ്റിനെ കൂടുതൽ മനോഹരമാക്കി. കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും സംഗീതജ്ഞർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് മുഹറഖ് നൈറ്റ്സ്.
അപേക്ഷ ക്ഷണിച്ചു
മുഹറഖ് നൈറ്റ്സിന്റെ ഭാഗമായി റീട്ടെയിൽ വ്യാപാരികൾ, ഭക്ഷ്യപാനീയ വിതരണക്കാർ, വർക്ഷോപ് ഇൻസ്ട്രക്ടർമാർ, സംഗീതജ്ഞർ, സന്നദ്ധപ്രവർത്തകർ എന്നിവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ച് അതോറിറ്റി ഔദ്യോഗിക സമൂഹമാധ്യമ ചാനലുകളിൽ പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ബി.എ.സി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളും www.culture.gov.bh ഉം സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

