മുഹറഖ് ഹെൽത്ത് സെന്റർ; 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശം; പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും
text_fieldsഎം.പി ഹമദ് അൽ ദോയി
മനാമ: മുഹറഖ് നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നോർത്ത് മുഹറഖ് ഹെൽത്ത് സെന്ററിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കി ഉയർത്താനുള്ള നിർദേശം അടുത്ത ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും.
എം.പി ഹമദ് അൽ ദോയിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ സമർപ്പിച്ച ഈ നിർദേശത്തിന് പാർലമെന്റിന്റെ സർവിസ് കമ്മിറ്റി ഐകകണ്ഠ്യേന പിന്തുണ നൽകിയിട്ടുണ്ട്. നിലവിൽ ഈ കേന്ദ്രം രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
രാത്രികാലങ്ങളിൽ ചികിത്സ തേടുന്നവർ മറ്റു ദൂരെയുള്ള ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ഈ ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നതോടെ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ഹാലത്ത് ബു മഹർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. മുഹറഖ് മേഖലയിലെ ഉയർന്ന ജനസംഖ്യയും പ്രായമായവരുടെയും മാറാരോഗങ്ങളുള്ളവരുടെയും എണ്ണവും കണക്കിലെടുക്കുമ്പോൾ പ്രാഥമിക ചികിത്സാ സൗകര്യം എപ്പോഴും ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് എം.പി ഹമദ് അൽ ദോയി പറഞ്ഞു. മുഹറഖ് ഗവർണറേറ്റിൽ നിലവിൽ രണ്ട് കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഇത്തരത്തിൽ ഒമ്പത് കേന്ദ്രങ്ങൾ രാത്രികാല സേവനം നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, പ്രാദേശികമായ ആവശ്യം പരിഗണിച്ച് നോർത്ത് മുഹറഖിലും ഈ സൗകര്യം വേണമെന്ന നിലപാടിൽ സർവിസ് കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. നിർദേശം അംഗീകരിക്കുകയാണെങ്കിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അടിയന്തര ഘട്ടങ്ങളിലെ ദൂരയാത്ര ഒഴിവാക്കാം. അത്യാഹിത വിഭാഗങ്ങളിലെ ക്യൂ കുറക്കാൻ സഹായിക്കും. പ്രദേശവാസികൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക് വേഗത്തിൽ മരുന്നും ചികിത്സയും ഉറപ്പാക്കാം. ഈ തീരുമാനം നടപ്പായാൽ മുഹറഖിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾക്ക് വലിയ സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

