എം.എസ്. ബാബുരാജിന്റെ മായിക സംഗീതവസന്തം
text_fieldsഎം.എസ്. ബാബുരാജ്
താമര കുമ്പിളല്ലോ മമ ഹൃദയം അതിൽ
താതാ നിൻ സംഗീത മധു പകരൂ
എങ്ങനെ എടുക്കും ഞാൻ എങ്ങനെ
ഒഴുക്കും ഞാൻ എങ്ങനെ നിൻ ആജ്ഞ
നിറവേറ്റും.. ദേവാ... ദേവാ....
കാവ്യ സുരഭിലതയും വശ്യസൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞൊഴുകുന്ന ഈ മധുരഗാനം കേൾക്കുമ്പോൾ ഇതിന് മായിക സംഗീതം പകർന്ന മഹാവ്യക്തിയെ ആരും ഓർത്തുപോകും. അത് മാറ്റാരുമല്ല. മലയാളികൾക്ക് പ്രിയപ്പെട്ട ബാബുരാജ് മാസ്റ്റർ തന്നെ. ജീവിതത്തെ സംഗീതവും സംഗീതത്തെ ജീവിതവും ആക്കി മാറ്റിയ എം.എസ്. ബാബുരാജിന്റെ ചരമവാർഷിക ദിനമാണ് ഒക്ടോബർ ഏഴ്. മലയാള സിനിമാസംഗീത ലോകത്തിൽ ചിരസ്മരണീയനായ എം.എസ്. ബാബുരാജിന്റെ പാവന സ്മരണക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വശ്യസുന്ദരമായ മലയാള സിനിമാഗാനങ്ങൾ പിറവിയെടുക്കുന്നത്. അതിനുശേഷമാണ് ആസ്വാദനതലം പുതിയ പരിവേഷം അണിഞ്ഞത്. പതിയെ ഹിന്ദുസ്ഥാനി രാഗങ്ങളുടെ ചക്രവർത്തിയായി മാറുകയായിരുന്നു അദ്ദേഹം.
ആദ്യകാലത്തു നാടകഗാനങ്ങൾക്ക് സംഗീതം പകർന്നു.1957ൽ രാമു കാര്യാട്ടിന്റെ മിന്നാമ്മിനുങ്ങ് എന്ന സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാള സിനിമയുടെ ആദ്യകാല സംഗീതം പലപ്പോഴും മറ്റു ഭാഷാ ചിത്രങ്ങളുടെ സംഗീതത്തിന്റെ നിഴലിലായിരുന്നു. വളരെ വ്യത്യസ്തമായ ശൈലിയിൽ ബാബുരാജ് ഔചിത്യമേറിയ മധുര സംഗീതം നൽകിയ സിനിമാഗാനങ്ങൾ എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറി.
മലയാള സിനിമാഗാനങ്ങളെ ജനഹൃദയങ്ങളോട് അടുപ്പിച്ചുനിർത്താൻ ബാബുരാജിന്റെ മികവുറ്റ സംഗീതം വഴിയൊരുക്കി. ജനകീയമായ അത്തരം ഗാനങ്ങൾ സാധാരണ ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോടി ഇന്നും നിലനിൽക്കുന്നു. ഭക്തി, പ്രണയം, ഏകാന്തത, നിരാശബോധം, സ്വാതന്ത്ര്യം, പ്രകൃതി, മാതൃവാത്സല്യം, മരണം എന്ന മഹാസത്യം, നർമം തുളുമ്പുന്ന മറ്റു സന്ദർഭങ്ങൾ എന്നിവക്കെല്ലാം ഔചിത്യമേറിയ അമൃതസംഗീതമാണ് സന്നിവേശിപ്പിച്ചത്. ഗാനങ്ങൾ ഭാവോജ്ജ്വലങ്ങളായ കല്ലോലിനികളാക്കി മാറ്റാനുള്ള സങ്കേതങ്ങൾ അവയിൽ ദർശിക്കാം.
ലോകമെമ്പാടുമുള്ള മലയാളികൾ ബാബുരാജിന്റെ സംഗീതം ഇന്നും ആസ്വദിക്കുന്നുണ്ട് എന്നതാണ് അതിന്റെ തെളിവ്. മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാൻ കെൽപ്പുള്ളവയായിരുന്നു ബാബുരാജിന്റെ ഗാനങ്ങൾ. അനുവാചകരുടെ മിഴികളെ ഈറനണിയിക്കുന്ന ഗാനങ്ങൾ നിരവധിയാണ്. അവയെല്ലാം അനശ്വരമായി നിലനിൽക്കുന്നു. അക്കാലത്തെ മിക്ക ഗാന രചയിതാക്കളുടെ ഗാനങ്ങൾക്കും ബാബുരാജ് സംഗീതം പകർന്നിട്ടുണ്ട്. പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി ഇങ്ങനെ നീളുന്നു ലിസ്റ്റ്.
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഹൃദയഹാരിയായ രാഗങ്ങൾ മലയാള സിനിമക്കു സമ്മാനിച്ചത് ബാബുരാജായിരുന്നു. യമുന കല്യാണി, ദേശ്, പഹഡി, മേഘ മൽഹാർ, ആഹിര് ഭൈരവ്, ഷഹാന, വൃന്ദാവൻ സാരംഗ്, കേദാർ, ഡാർബാരി കാനഡ, ബിംപ്ലസ് ഇങ്ങനെ നീണ്ട നിര. നൂറുകണക്കിന് ഗാനങ്ങളുടെ മധുരസംഗീതം ബാബുരാജിനെ അനശ്വരനാക്കി. അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടിയ ഗായകരും അനശ്വരരായി. അർഹിക്കുന്ന അംഗീകാരം ബാബുരാജിന് മലയാള സിനിമാ ലോകത്തുനിന്ന് ലഭിച്ചിട്ടുണ്ടോ എന്ന് പുനർവിചിന്തനം ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

