ബഹ്റൈന്റെ തനത് വിഭവങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കണമെന്ന് എം.പിമാർ
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ബി.ഐ.എ) ടെർമിനലുകൾ രാജ്യത്തിന്റെ തനത് വിഭവങ്ങളാലും സംസ്കാരത്താലും സമ്പന്നമാക്കാനൊരുങ്ങുന്നു. വിമാനത്താവളത്തിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ ഇടങ്ങൾ പ്രാദേശിക സംരംഭകർക്കായി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എം.പിമാർ അടങ്ങുന്ന സംഘമാണ് പുതിയ പാർലമെന്ററി നിർദേശം സമർപ്പിച്ചത്.
വിമാനത്താവള മേഖലയെ പ്രതിനിധീകരിക്കുന്ന എം.പി മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. യാത്രക്കാർക്ക് ബഹ്റൈനിന്റെ തനത് ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ വിമാനത്താവളത്തെ കേവലം ഒരു യാത്രാ കേന്ദ്രമെന്നതിലുപരി രാജ്യത്തിന്റെ സാംസ്കാരിക ജാലകമായി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുവാക്കളായ ബഹ്റൈനി സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും കഫേ പോലുള്ളവ ഒരുക്കാനും ഈ നിർദേശം അംഗീകരിക്കുന്നതോടെ സാധ്യമാകും.
രാജ്യത്തിന്റെ ദേശീയ വിഭവമായ ‘ചിക്കൻ മജ്ബൂസ്’ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും, പരമ്പരാഗത ഈന്തപ്പനയോല ഉൽപന്നങ്ങളും വിമാനത്താവളത്തിൽ ലഭ്യമാക്കും. 2021ൽ തുറന്ന പുതിയ ടെർമിനലിലെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിശാലമായ സ്ഥലങ്ങൾ വാണിജ്യപരമായി പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശം.
യഥാർഥത്തിൽ വിമാനത്താവളം ഒരു രാജ്യത്തിന്റെ ആദ്യ കാഴ്ചയാണ്, അത് അങ്ങനെത്തന്നെ അനുഭവപ്പെടണം. നിലവിൽ വിമാനത്താവളത്തിൽ ജോലിക്കാരിൽ ഭൂരിഭാഗവും ബഹ്റൈനികളാണെങ്കിലും, നമ്മുടെ നാടിന്റെ തനത് ഭക്ഷണങ്ങളും ഉൽപന്നങ്ങളും അവിടെ കുറവാണെന്ന് മുഹമ്മദ് അൽ ഒലൈവി പറഞ്ഞു. ബാങ്കോക്ക്, സിംഗപ്പൂർ, ലണ്ടൻ ഗാറ്റ്വിക് തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സമാനമായ രീതിയിൽ പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നത് വൻ വിജയമാണെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ അഹ്മദ് അൽ സല്ലൂമും ചൂണ്ടിക്കാട്ടി.
ഈ നിർദേശം യാഥാർഥ്യമാകുന്നതോടെ, ട്രാൻസിറ്റ് യാത്രക്കാർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ ചെലവഴിക്കുമ്പോൾ ബഹ്റൈനിന്റെ പൈതൃകം അടുത്തറിയാൻ സാധിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്കും വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

