മാതാപിതാക്കളെ അറിയാത്ത കുട്ടികൾക്ക്; ഡി.എൻ.എ പരിശോധന നിർബന്ധമാക്കാൻ എം.പിമാരുടെ ശിപാർശ
text_fieldsമനാമ: മാതാപിതാക്കളെ അറിയാത്ത കുട്ടികൾക്ക് ഡി.എൻ.എ പരിശോധന നിർബന്ധമാക്കണമെന്ന ആവശ്യവുമായി എം.പിമാർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എം.പി ഹസൻ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ ഒരു പ്രമേയവും എം.പിമാർ സമർപ്പിച്ചു. ഈ കുട്ടികളുടെ യഥാർഥ ജൈവമാതാപിതാക്കളെ തിരിച്ചറിയാനും അവർക്ക് നിയമപരമായ അവകാശങ്ങൾ നേടിക്കൊടുക്കാനും മാനസികവും സാമൂഹികവുമായ വെല്ലുവിളികൾ പരിഹരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് എം.പി ഹസൻ ഇബ്രാഹിം പറഞ്ഞു. ഡി.എൻ.എ പരിശോധന നടത്തുന്നതിനും ഒരു ദേശീയ ഡി.എൻ.എ ഡാറ്റാബേസ് രൂപവത്കരിക്കുന്നതിനും ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുക, താൽക്കാലിക ക്ഷേമപദ്ധതികൾക്കപ്പുറം ഈ കുട്ടികൾക്ക് യഥാർഥ നീതി ഉറപ്പാക്കുക എന്നതാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഈ ഡി.എൻ.എ ഡാറ്റാബേസ്, കാണാതായ വ്യക്തികളുടെ രേഖകളുമായോ പരിഹരിക്കപ്പെടാത്ത കേസുകളുമായോ താരതമ്യം ചെയ്യുന്നതിന് ഉപയോഗിക്കാം. ഇതുവഴി മാതാപിതാക്കളെയോ ബന്ധുക്കളെയോ തിരിച്ചറിയാനും കുട്ടികളുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും സാധിക്കും. ബഹ്റൈൻ ഭരണഘടനയിലെ നാല്, എട്ട്, ഒമ്പത് അനുച്ഛേദങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ നിർദേശം. നീതി, സമത്വം, സാമൂഹിക ഐക്യം, ആരോഗ്യ സംരക്ഷണം, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന ഭരണഘടനാ തത്ത്വങ്ങളെ ഇത് ഊന്നിപ്പറയുന്നു.
പ്രായപൂർത്തിയാകുമ്പോൾ, ഔദ്യോഗിക രേഖകൾ, സ്കൂൾ പ്രവേശനം, തൊഴിൽ അവസരങ്ങൾ എന്നിവ നേടുന്നതിൽ ഈ കുട്ടികൾക്ക് കാര്യമായ നിയമപരവും ഉദ്യോഗസ്ഥപരവുമായ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക രേഖകളില്ലാതെ അവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനോ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാനോ കഴിയില്ല. പരിശോധിച്ചുറപ്പിച്ച വ്യക്തിത്വം നൽകി ഈ തടസ്സങ്ങൾ നീക്കാനാണ് പ്രമേയം ലക്ഷ്യമിടുന്നതെന്ന് ഹസൻ ഇബ്രാഹിം വിശദീകരിച്ചു. ഈ നടപടിക്രമത്തിലുടനീളം സ്വകാര്യതയും ശരിഅത്ത് അധിഷ്ഠിത നിയമ തത്ത്വങ്ങളും പാലിക്കുമെന്നും എം.പി ഉറപ്പുനൽകി.
പ്രമേയം നിലവിൽ ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയുടെ അവലോകനത്തിനായി കൈമാറിയിരിക്കുകയാണ്. ആഭ്യന്തര, ആരോഗ്യ, സാമൂഹിക വികസന മന്ത്രാലയങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടിയ ശേഷം ഇത് പാർലമെന്റ് ചർച്ചക്കും വോട്ടെടുപ്പിനുമായി അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

