സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികകൾ; സ്വദേശികൾക്കായി പരിമിതപ്പെടുത്താൻ പാർലമെന്റ് പ്രമേയം
text_fieldsപ്രതീകാത്മക ചിത്രം
മനാമ: പൊതുസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികകൾ ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ പാർലമെന്റിൽ പ്രമേയം. എം.പി അബ്ദുൽ വാഹിദ് ഖരാത്തയുടെ നേതൃത്വത്തിൽ നാല് എം.പിമാരാണ് പ്രമേയം സമർപ്പിച്ചത്. ഇത് നടപ്പാക്കിയാൽ തൊഴിലില്ലായ്മ കുറക്കാനും രാജ്യത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കാനും സാധിക്കുമെന്ന് പ്രമേയം പറയുന്നു. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ച പ്രമേയം സർവിസ് കമ്മിറ്റിയുടെ പരിശോധനക്ക് കൈമാറി.
പ്രമേയത്തോടൊപ്പമുള്ള വിശദീകരണക്കുറിപ്പിൽ, തൊഴിൽ ഒരു ദേശീയ കടമയും ഓരോ ബഹ്റൈൻ പൗരന്റെയും അവകാശവുമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങളും ന്യായമായ തൊഴിൽ സാഹചര്യങ്ങളും നൽകാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 13 അനുസരിച്ച് സർക്കാറിന് ബാധ്യതയുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
ഈ ജോലികൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്നും അതിനാൽ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ താൽപര്യമുള്ള ബഹ്റൈനി യുവജനങ്ങൾക്ക് ഇത് മികച്ച അവസരമാകുമെന്നും ഖരാത്ത പറഞ്ഞു. ഇത്തരം ജോലികൾ സ്വദേശികൾക്കായി മാറ്റിവെക്കുന്നത് സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും നിയമനിർമാതാക്കൾ ഊന്നിപ്പറഞ്ഞു.
സുരക്ഷാമേഖലയിൽ സ്വദേശി വൈദഗ്ധ്യം വർധിപ്പിക്കുന്നത് സാമൂഹിക സ്ഥിരത മെച്ചപ്പെടുത്തുമെന്നും അത് ബഹ്റൈനിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് ഗുണപരമായി മാറുമെന്നും എം.പിമാർ വാദിച്ചു. രാജ്യത്തെ ജനങ്ങളെ പരിപാലിക്കുന്നതിൽ ഭരണകൂടത്തിനുള്ള പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു. സുസ്ഥിരത, മത്സരക്ഷമത, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്റൈൻ വിഷൻ 2030ന് അനുസൃതമാണിതെന്നും അവർ വ്യക്തമാക്കി.
ഗവൺമെന്റ് സ്കൂളുകൾ, ആശുപത്രികൾ, മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ജോലികൾ ബഹ്റൈനികൾക്ക് മാത്രമായി നീക്കിവെക്കാൻ ഈ നിയമം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ നിരവധി പ്രവാസികൾ ഈ മേഖലയിൽ ജോലിക്കാരായി തുടരുന്നുണ്ട്. നിയമം നടപ്പായാൽ ഈ മേഖലയിലെ പ്രവാസികളുടെ അവസരങ്ങളും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

