വിദേശ തൊഴിൽ പെർമിറ്റുകൾക്ക് പരിധിനിശ്ചയിക്കണമെന്ന നിർദേശവുമായി എം.പിമാർ
text_fieldsവരാനിരിക്കുന്ന പാർലമെന്റ് യോഗത്തിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും
മനാമ: വിദേശ തൊഴിൽ പെർമിറ്റുകൾക്ക് പരിധിനിശ്ചയിക്കണമെന്ന നിർദേശവുമായി എം.പിമാർ. 2006ലെ നിയമം 19 ആർട്ടിക്ക്ൾ നാല് ഭേദഗതി ചെയ്യാനാണ് നിർദേശം. വിദേശത്ത് നിന്നുള്ള ക്രമരഹിതമായി റിക്രൂട്ട്മെന്റ് പരിമിതപ്പെടുത്തുക, വിദേശത്തേക്ക് പണമയക്കുന്നത് കുറക്കുക, സ്വദേശി തൊഴിലന്വേഷകർക്ക് മികച്ച അവസരം കണ്ടെത്തുക എന്നീ കാര്യങ്ങൾക്ക് നിർദേശിച്ച ഭേദഗതി സഹായകമാകുമെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ട്.
നിലവിൽ കരട് അവലോകനം ചെയ്ത പാർലമെന്റിന്റെ സേവന സമിതി നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാർലമെന്റ് യോഗത്തിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും. പാർലമെന്റ് അനുമതി ലഭിക്കുന്ന പ്രകാരമാണ് മന്ത്രിസഭക്ക് വിടുക. നിയമം നടപ്പാവുകയാണെങ്കിൽ തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എന്നിവരുമായി ചേർന്ന് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ പരിധി നിശ്ചയിക്കുകയാണ് ചെയ്യുക. ഉയർന്ന സ്വദേശി തൊഴിലവസരങ്ങൾക്കുള്ള സാധ്യത ചൂണ്ടിക്കാട്ടി ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻസ് ഫെഡറേഷൻ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നിരുന്നാലും നിർദേശത്തിന് സർക്കാറിന്റെ എതിർപ്പ് വന്നിട്ടുണ്ട്. നിയമത്തിന്റെ സുഗമമായ നടത്തിപ്പിനും സ്വീകാര്യതക്കും ഇതു തടസ്സമാകുമെന്നും നിർദേശം പുനഃപരിശോധിക്കാനുമാണ് സർക്കാറിന്റെ പക്ഷം. സ്വദേശികൾക്ക് ജോലി നൽകുന്നതിനു മറ്റു പദ്ധതികൾ നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എൽ.എം.ആർ.എയും ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സർക്കാറിന്റെ നിലപാടുകൾക്കൊപ്പമാണ്. കർശനമായ പരിധികൾ ഏർപ്പെടുത്തുന്നത് തൊഴിൽ വിപണിക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകി. ബഹ്റൈൻ അസോസിയേഷൻ ഓഫ് റിക്രൂട്ട്മെന്റ് ഏജൻസികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ഭേദഗതി ബഹ്റൈൻ സാമ്പത്തിക വീക്ഷണം 2030ന് ആയി നിർദേശിച്ചിട്ടുള്ള പദ്ധതികൾക്ക് വിരുദ്ധമാണെന്നും ഇതു ഗാർഹിക തൊഴിലാളി മേഖലയിലെ റിക്രൂട്ട്മെന്റിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവർ വാദിച്ചു. വിഷയത്തിൽ വ്യക്തമായ പഠനം നടത്തിയശേഷം മാത്രമേ നിയമ ഭേദഗതി അംഗീകാരങ്ങളിലേക്ക് പോകാൻ പാടുള്ളൂവെന്നും അവർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

