വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നിർണായക നിർദേശവുമായി എം.പിമാർ
text_fieldsമനാമ: വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നിർണായക നിർദേശവുമായി എം.പിമാർ. മൂന്ന് ലക്ഷമോ അതിലധികമോ നിക്ഷേപിക്കുന്ന വിദേശികൾക്ക് സ്ഥിരതാമസം, നികുതിയിളവുകൾ, പൂർണ ഉടമസ്ഥാവകാശം എന്നിവ ഉറപ്പ് നൽകുന്ന കരട് നിയമം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. എം.പി അഹമ്മദ് സബാഹ് അൽ സല്ലൂമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നിർദേശം മുന്നോട്ടുവെച്ചത്.
കാർഷിക സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഫാർമസ്യൂട്ടിക്കൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള നൂതന മേഖലകളിൽ നിക്ഷേപം ആകർഷിക്കുക ലക്ഷ്യമിട്ടാണ് നിർദേശം മുന്നോട്ടുവെച്ചത്. നിക്ഷേപകർക്കും അവരുടെ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിനും സ്ഥിരതാമസ ആനുകൂല്യത്തോടെ പൗരത്വമില്ലെങ്കിലും നിക്ഷേപ പദ്ധതികളുടെ പൂർണ ഉടമസ്ഥാവകാശവും വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി നിയമം നടപ്പിലായാൽ ബഹ്റൈൻ മാറും.
ഭാവിയിലേക്ക് വ്യവസായങ്ങളെ പിന്തുണക്കുന്നതിന്റെ കൂടെ ഭാഗമായാണീ നിർദേശം. ഇത് മൂലം ബഹ്റൈനികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തും. ഇത്തരം മേഖലകളിൽ ജോലി സാധ്യതകളെ പഠിക്കുകയും നിശ്ചിത അളവിൽ സ്വദേശി വത്കരണം പോലുള്ളവ നിർബന്ധമാക്കുകയും ചെയ്യും. നിർദേശിക്കപ്പെട്ട കരട് നിയമത്തിൽ നിക്ഷേപകന്റെ കടമകളും പ്രതിപാദിക്കുന്നുണ്ട്. പദ്ധതിയുടെ സാധ്യതാ പഠനം നടത്തണം, ഓഡിറ്റ് ചെയ്ത രേഖകൾ സമർപ്പിക്കണം, പദ്ധതി എപ്പോൾ തുടങ്ങുമെന്നും എപ്പോൾ പൂർത്തിയാക്കുമെന്നും രേഖാമൂലം അറിയിക്കണം.
കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും ഇൻഷുർ ചെയ്തിരിക്കണം. ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുകയും സർക്കാർ അനുവദിക്കുന്ന ഭൂമി തിരിച്ചെടുക്കുകയും ചെയ്യും. അൽ സല്ലൂമിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യസമിതി നിർദേശവുമായി മുന്നോട്ടുപോകണമെന്ന ശിപാർശ ചെയ്തിട്ടുണ്ട്. രാജ്യത്ത് എണ്ണയിതര വരുമാനത്തെ വളർത്താൻ ഈ നിർദേശം ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, നിർദേശിക്കപ്പെട്ട കരട് നിയമങ്ങളിൽ പല ആനുകൂല്യങ്ങളും ഉഭയകക്ഷി കരാറുകളിലൂടെയോ മറ്റ് രാജ്യത്തെ നിക്ഷേപകർക്കുള്ള നിയമങ്ങളിലൂടെയോ നിലവിലുണ്ടെന്ന് സാമ്പത്തിക വികസന ബോർഡ് മറുപടി നൽകിയിട്ടുണ്ട്. എല്ലാ ഉപകരണങ്ങളിലും നികുതിയിളവ് നടപ്പാക്കുന്നത് രാജ്യത്തെ വരുമാനത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാലും ദീർഘകാല നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും ബഹ്റൈൻ ബിസിനസ് മെൻസ് അസോസിയേഷൻ നിർദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

