6ജി പരീക്ഷണത്തിന് അടുത്ത വർഷം ബഹ്റൈൻ വേദിയാകണമെന്ന ആവശ്യവുമായി എം.പിമാർ
text_fieldsമനാമ: ഫൈവ് ജിയിൽ നിന്ന് 6ജിയിലേക്കുള്ള പരീക്ഷണങ്ങൾ അടുത്ത വർഷത്തോടെ തന്നെ ആരംഭിക്കണമെന്നും ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ബഹ്റൈൻ എം.പിമാർ ആവശ്യപ്പെട്ടു. വീടുകളിലും തൊഴിലിടങ്ങളിലും മറ്റ് പൊതുയിടങ്ങളിലും 6ജി സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നേരിട്ട് പഠിക്കാൻ ആഗോള കമ്പനികൾക്ക് ബഹ്റൈനിൽ സൗകര്യമൊരുക്കണമെന്നാണ് നിർദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എം.പി അഹമ്മദ് അൽ സല്ലൂം മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തിൽ എം.പിമാരായ ഖാലിദ് ബു അനഖ്, സൈനബ് അബ്ദുൽഅമീർ, പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഹിഷാം അൽ അവാദി, എം.പി മുഹമ്മദ് അൽ മറാഫി എന്നിവരും ഒപ്പുവെച്ചു.
6ജി സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പരീക്ഷണങ്ങൾക്കായി സാങ്കേതിക കമ്പനികൾക്ക് രാജ്യം തുറന്നുകൊടുക്കുന്നതിലൂടെ ബഹ്റൈന് ഈ മേഖലയിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് അഹമ്മദ് അൽ സല്ലൂം പറഞ്ഞു. ബഹ്റൈന്റെ ചെറിയ ഭൂപ്രദേശം, ഉയർന്ന ജനസാന്ദ്രത, ഡിജിറ്റൽ സേവനങ്ങളുടെ വിപുലമായ ഉപയോഗം എന്നിവ 6ജി പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലെ വയർലെസ് നെറ്റ്വർക്കുകൾക്കായി റേഡിയോ ഫ്രീക്വൻസികൾ എങ്ങനെ വിനിയോഗിക്കാമെന്നതിനെക്കുറിച്ച് ബഹ്റൈൻ ഇതിനകം തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരീക്ഷണങ്ങൾക്ക് അനുയോജ്യമായ ഒരു ലിവിംഗ് ലബോറട്ടറിയായി ബഹ്റൈൻ മാറുമ്പോൾ, അത്തരം പരീക്ഷണങ്ങളുടെ ഭാഗമാകാനും വയർലെസ് നെറ്റ്വർക്ക് വികസനത്തിൽ നേരിട്ട് പരിചയം നേടാനും പ്രദേശിക കമ്പനികൾക്കും ഗവേഷകർക്കും സാധിക്കുമെന്ന് എം.പി ഖാലിദ് ബു അനഖ് അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ 2030-നും 2035-നും ഇടയിൽ 6ജി നെറ്റ്വർക്കുകൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

