മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മനുഷ്യസ്നേഹി
text_fieldsഎം.പി. രഘുവിന്റെ നിര്യാണവാർത്തയുണ്ടാക്കിയ വേദന പെട്ടെന്ന് മറികടക്കാനാവാത്തവിധം വ്യക്തിപരമായി ആഴത്തിലുള്ള സൗഹൃദമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഒരേസമയം സഹോദരതുല്യനായും സുഹൃത്തായും മറ്റു ചിലപ്പോൾ മാർഗനിർദേശകനായ ഗുരുതുല്യനായും ജീവിതത്തിൽ അടയാളപ്പെട്ടുപോയ വ്യക്തിത്വത്തിന്റെ ഓർമയാണ് എം.പി. രഘു എന്ന് ചുരുക്കി പറയാം. ബഹ്റൈന്റെ സുവർണ കാലഘട്ടം രൂപപ്പെടുന്ന എഴുപതുകളുടെ മധ്യത്തിൽ ഇവിടെയെത്തിയ എം.പി. രഘു നൂറുകണക്കിന് മനുഷ്യർക്ക് പലവിധത്തിൽ ആശ്രയമായി മാറുകയും ചെയ്തു.
അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തന മേഖല ബഹ്റൈൻ കേരളീയ സമാജമായിരുന്നു. സമാജത്തിന്റെ ഇന്ന് കാണുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്റെ ചിന്ത ആദ്യം പങ്കുവെക്കുന്നതിലും പിന്നീട് അതിന്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്നതിലും എന്നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും സൗമ്യഭാവം വിടാതെ, പ്രശ്നപരിഹാരങ്ങൾക്ക് മുന്നിട്ടിറങ്ങാനും ഊർജസ്വലനായ അദ്ദേഹത്തിന് സാധിച്ചു. ജോലി, വീട്, സമാജം എന്നതായിരുന്നു രഘുവിന്റെ ദിനചര്യ. പ്രായഭേദമന്യേ സമാജം അംഗങ്ങളുമായി ഇടപെടാനും സൗഹൃദം ഊഷ്മളമായി കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. റോളക്സ് ബ്രാൻഡ് വാച്ചുകളുടെ ബഹ്റൈനിലെ ഏജൻസിയുടെ ഡയറക്ടറായിരിക്കുമ്പോഴും അവശരും അർഹരുമായ മനുഷ്യരുടെ ആവശ്യങ്ങൾ രഹസ്യമായി നിറവേറ്റാൻ അദ്ദേഹം നിർബന്ധം പുലർത്തിയിരുന്നു.
ദാനശീലനായിരുന്നു അദ്ദേഹം. സമാജം ഭവനനിർമാണത്തിന്റെ ഭാഗമായി ദുർബലയായ ഒരു സ്ത്രീക്ക് കോഴിക്കോട്ട് 10 ലക്ഷത്തോളം തുക ചെലവിട്ട് വീട് നിർമിച്ചുനൽകിയത് ഒടുവിലെ ഉദാഹരണമാണ്. മേളപ്രേമി കൂടിയായ എം.പി. രഘുവിന്റെ പരിശ്രമംമൂലം നാട്ടിൽനിന്ന് നിരവധി വാദ്യകലാകാരന്മാർക്ക് ബഹ്റൈനിൽ വേദിയൊരുക്കാൻ കഴിഞ്ഞു. സമാജത്തെ സംബന്ധിച്ച് പരിഹരിക്കാനാവാത്തവിധം വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

