വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്റമദാനിൽ ഒരാഴ്ച അവധി നൽകണമെന്ന് എം.പി ഹമദ്
text_fieldsമനാമ: റമദാനിലെ അവസാന ആഴ്ചയിൽ രാജ്യത്തെ സ്കൂളുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഒരാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിയമസഭാ അംഗം രംഗത്ത്. വിദ്യാഭ്യാസ-ഭരണനിർവഹണ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും ഈ നിർദ്ദേശം സഹായകമാകുമെന്ന് എം.പി ഹമദ് അൽ ദോയ് പറഞ്ഞു.
റമദാനിലെ അവസാന ആഴ്ചയിൽ വിദ്യാഭ്യാസ, ഭരണപരമായ ജീവനക്കാർക്ക് വലിയ ജോലിഭാരമാണ് അനുഭവപ്പെടുന്നത്. അതിനാൽ അവർക്ക് വിശ്രമിക്കാനുള്ള സമയം നൽകുന്നത് അവരുടെ ഊർജം വർധിപ്പിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ പ്രകടനത്തിൽ നല്ല സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് അൽ ദോയ് വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിൽ അധ്യാപകരും ജീവനക്കാരും വഹിക്കുന്ന നിർണായക പങ്ക് കണക്കിലെടുത്ത് അവരെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനുമായി ബന്ധപ്പെട്ട പല നിർദേശങ്ങളും സാധാരണയായി മാസത്തിന് തൊട്ടുമുമ്പാണ് സമർപ്പിക്കാറുള്ളത്. ഇത് അധികാരികൾക്ക് അവ പഠിക്കാനും നടപ്പാക്കാനും മതിയായ സമയം ലഭിക്കാതെ വരുന്നു. അതുകൊണ്ടാണ് താൻ ഈ നിർദേശം നേരത്തെ സമർപ്പിച്ചതെന്ന് അൽ ദോയ് പറഞ്ഞു. ഒക്ടോബറിൽ ആരംഭിക്കുന്ന പാർലമെന്റിന്റെ അവസാന സെഷന് മുന്നോടിയായി ഈ നിർദേശം ഔദ്യോഗികമായി സമർപ്പിച്ചു. ഇത് സർവിസ് കമ്മിറ്റിയുടെ പരിഗണനക്കുശേഷം പാർലമെന്റിൽ ചർച്ച ചെയ്ത് തുടർ പഠനത്തിനായി സർക്കാറിന് കൈമാറാൻ ലക്ഷ്യമിടുന്നു. ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ, ബഹ്റൈനിലെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. 2026-ൽ റമദാൻ ഫെബ്രുവരി 18ന് ആരംഭിച്ച് മാർച്ച് 19ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

