ഇരുചക്രവാഹനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം; രാജ്യവ്യാപകമായി കർശന നടപടി ആവശ്യപ്പെട്ട് പാർലമെന്റ് അംഗം
text_fieldsഅറാദിൽ വെച്ച് എം.പി. ഖാലിദ് ബു അനക് കഴിഞ്ഞ ദിവസം ചിത്രീകരിച്ച വിഡിയോ ദൃശ്യം
മനാമ: ബഹ്‌റൈനിലെ റോഡുകളിൽ നിയമവിരുദ്ധമായ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് രാജ്യവ്യാപകമായി കർശന നടപടികൾക്ക് അടിയന്തരമായി ആഹ്വാനം. അറാദിൽ വെച്ച് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനക് കഴിഞ്ഞ ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഈ ചർച്ചക്ക് വീണ്ടും തിരികൊളുത്തിയത്. നമ്പർ പ്ലേറ്റില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ ഇരുചക്രവാഹനത്തിൽ പ്രവാസി തന്‍റെ ഭാര്യയോടൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ബഹ്‌റൈനിലെ ട്രാഫിക് നിയമങ്ങളോടും പൊതു സുരക്ഷയോടും യാതൊരു ബഹുമാനവുമില്ലാത്ത പ്രവൃത്തിയായിട്ടാണ് എം.പി. ഇതിനെ വിശേഷിപ്പിച്ചത്. ഇത് ഏഷ്യൻ ഉപഭൂഖണ്ഡമല്ല, ഇവിടെ ട്രാഫിക് നിയമങ്ങളുണ്ട്, അത് എല്ലാവരും പാലിക്കണമെന്നും ബു അനക് വിഷയത്തിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. നിയമത്തിനെതിരായ ഒരു വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ യാത്ര ചെയ്യുക മാത്രമല്ല, യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ തന്റെ ഭാര്യയെയും കൂടെയിരുത്തിയിട്ടുണ്ട്.
ഇത്തരം അശ്രദ്ധമായ പെരുമാറ്റം ബഹ്‌റൈന് അനുവദിക്കാനാവില്ലെന്നും എം.പി. ഊന്നിപ്പറഞ്ഞു. രജിസ്ട്രേഷനില്ലാത്ത ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ ഓരോ വാഹനവും, അത് കാറോ മോട്ടോർ ബൈക്കോ ആകട്ടെ, രജിസ്റ്റർ ചെയ്യണം, ലൈസൻസ് എടുക്കണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിൽ ഒരു ഇളവും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷയെക്കുറിച്ച് ശക്തമായ നിലപാടുകൾ എടുക്കുന്ന സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കിലെ പ്രധാന അംഗമാണ് എം.പി ബു അനക്. ഏതാനും മാസങ്ങൾക്ക് മുൻപ് ദിയാർ അൽ മുഹറഖിൽ ലൈസൻസില്ലാത്ത ടുക്ക് ടുക്ക് ഓടിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇതേ പാർലമെന്ററി ബ്ലോക്ക് പ്രശ്നമായി ഉയർത്തിയിരുന്നു.ഇത്തരം സംഭവങ്ങൾ ആധുനികവും ചിട്ടയായതുമായ ട്രാഫിക് സംവിധാനം നിർമ്മിക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും എം.പി. കൂട്ടിച്ചേർത്തു. അധികാരികൾ നിരീക്ഷണം ശക്തമാക്കണമെന്നും നിയമലംഘകർക്ക് കർശനമായ ശിക്ഷ നൽകണമെന്നും സമൂഹവുമായി ചേർന്ന് സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ വാഹനങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താൻ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ കർശനമായ നടപടികൾക്കായി ബ്ലോക്ക് പാർലമെന്റിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ലൈസൻസില്ലാത്ത ഇരുചക്രവാഹനങ്ങളോ ടുക്ക് ടുക്കുകളോ പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തുന്ന ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് ഉയർന്ന പിഴ, വാഹനം കണ്ടുകെട്ടൽ, നാടുകടത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിഷയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഔദ്യോഗികമായി അന്വേഷിക്കാൻ പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ ഹസ്സൻ ബുഖമ്മാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

