ഉപയോഗശൂന്യമായ വഖഫ് കെട്ടിടങ്ങൾ; വിശദീകരണം ആവശ്യപ്പെട്ട് എം.പി
text_fieldsമനാമ: ഉപയോഗശൂന്യമായ വഖഫ് കെട്ടിടങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് എം.പി മുഹമ്മദ് അൽ രിഫാഇ. കെട്ടിടങ്ങളുടെ വാടകയിൽ കൃത്യത പാലിക്കാത്ത, മന്ദഗതിയിൽ പുരോഗമിക്കുന്ന അറ്റകുറ്റപ്പണികൾ, കഴിഞ്ഞവർഷം നേടിയ വരുമാനം, നിലവിലുള്ള പാട്ടക്കാലാവധി എന്നിവയെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടു. സുന്നി വഖഫ് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലുള്ള സ്വത്തുക്കളെക്കുറിച്ചായിരുന്നു എം.പിയുടെ അന്വേഷണം. കണക്കുകൾ പ്രകാരം 156 പ്ലോട്ടുകൾ ഉൾപ്പെടെ 465 വഖഫ് സ്വത്തുക്കൾ ഡയറക്ടറേറ്റ് കൈകാര്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം സുന്നി വഖഫിന്റെ കീഴിലുള്ള സ്വത്തുക്കളിൽനിന്നുള്ള വാടക വരുമാനത്തിൽ 23 ശതമാനത്തിന്റെ വർധനയോടെ 5.4 മില്യൺ ദീനാർ ശേഖരിച്ചെന്ന് മറുപടിയായി നീതിന്യായ, ഇസ്ലാമിക് കാര്യ, വഖഫ് മന്ത്രാലയം അറിയിച്ചു. എന്നാൽ, 15 ശതമാനം സ്വത്തുവകകൾ ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കണക്കുകൾ സ്വത്തിന്റെ ആവശ്യകതകളെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 2024ൽ പാട്ടക്കരാർ വഴിയുള്ള വരുമാനം 54 ലക്ഷത്തിലധികം ദീനാറാണ്.
മികച്ച മേൽനോട്ടവും നിക്ഷേപത്തിനായുള്ള പുതിയ പദ്ധതികളെ ആവിഷ്കരിച്ചതുമാണ് ഈ വർധനക്ക് കാരണമായതെന്നും മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി. വാടക ഇനത്തിൽ അടയ്ക്കാതിരുന്നവരുമായി കോടതി നടപടികളില്ലാതെ ഒത്തുതീർപ്പിന് ശ്രമിച്ചതായും, അതിന് തയാറാവാതിരുന്ന ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ബെനിഫിറ്റ് പേ വഴിയോ ചെക്കുപയോഗിച്ചോ അല്ലെങ്കിൽ ഡയറക്ടറേറ്റിന്റെ ഓഫിസിൽ സ്ഥാപിച്ച പേമെന്റ് മെഷീൻ വഴിയോ വാടക അടക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ 2768 അഭ്യർഥനകൾ ലഭിച്ചതായും അതിൽ 2655 എണ്ണം കൈകാര്യം ചെയ്തതായും ബാക്കിയുള്ളവ പൂർത്തിയാക്കുന്നതിനായി ഫണ്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

