ബഹ്റൈനിലെ റിയാലിറ്റി ഷോയിൽ താരങ്ങളായി അമ്മയും മകളും
text_fieldsസൗമ്യ സജിത്തും സ്വാതിക സജിത്തും റിയാലിറ്റി ഷോയിലെ വിന്നേഴ്സ് ട്രോഫിയുമായി
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി നടത്തിയ ‘വൗ മോം’ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനത്തെത്തി അമ്മയും മകളും താരങ്ങളായി. എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ സൗമ്യ സജിത്തും മകൾ സ്വാതിക സജിത്തുമാണ് ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ വിന്നേഴ്സായി ശ്രദ്ധേയരായത്.അമ്മമാർക്കും അവരുടെ അഞ്ചു മുതൽ 13 വരെ വയസ്സുള്ള കുട്ടികൾക്കുമായാണ് വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരമായ റിയാലിറ്റി ഷോ നടത്തിയത്. ടാലന്റ് റൗണ്ട്, സിനിമാറ്റിക് റൗണ്ട്, ഫാമിലി സ്റ്റേജ്, മൈഡ്രോപ്, ഡാസിലിങ് ഡ്യൂ ഫേഷൻ റൗണ്ട്, ക്വസ്റ്റ്യൻ എയർ റൗണ്ട് എന്നിങ്ങനെ ഏഴ് റൗണ്ടുകളിൽ മാറ്റുരച്ചാണ് ഇവർ വിജയികളായത്. 13 വർഷമായി ബഹ്റൈൻ പ്രവാസിയായ സൗമ്യ സജിത്ത് മികച്ച നർത്തകി കൂടിയാണ്.
സ്വകാര്യ സ്ഥാപനത്തിൽ മൈക്രോസോഫ്റ്റ് ട്രെയിനറായ സൗമ്യ ബഹ്റൈനിലെ കല -സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമാണ്. സ്കൂൾ -കോളജ് പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ടി.വി ചാനലുകളിൽ അവതാരികയായും പ്രവർത്തിച്ചിട്ടുള്ള സൗമ്യയുടെ കലാ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത് അമ്മയും ബഹ്റൈൻ പ്രവാസിയായിരുന്ന അച്ഛനുമാണ്. അച്ഛന്റെ കൂടെ ബഹ്റൈനിലെത്തിയ സൗമ്യക്ക് ഒരു ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലി കിട്ടി. ബഹ്റൈനിൽ സീനിയർ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന ഭർത്താവ് സജിത്ത് ജി. മേനോന്റെ പ്രോത്സാഹനം ഒരു ഇടവേളക്ക് ശേഷം കലാരംഗത്ത് സജീവമാകാൻ കാരണമായി.
2019ൽ ബഹ്റൈൻ കേരളീയ സമാജം വനിതവേദി നടത്തിയ അംഗനശ്രീ എന്ന റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണർ അപ് ആയി. പിന്നീട് നിരവധി വേദികളിൽ നാടകം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാൻ അവസരം കിട്ടി. ഡാൻസ് കൊറിയോഗ്രഫി രംഗത്തും സൗമ്യ സജീവമാണ്.
ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്വാതികയും കൊച്ചുമിടുക്കിയാണ്. ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടികൾക്കു പുറമെ ബി.കെ.എസ്, എൻ.എസ്.എസ്, കെ.സി.എ എന്നിവർ നടത്തിയ പല കലാമത്സരങ്ങളിലും പങ്കെടുത്ത് സ്വാതിക സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അമ്മയും മകളും ഒന്നിച്ച് പങ്കെടുക്കുന്ന പല പരിപാടികളിലും സൗമ്യയും സ്വാതികയും പങ്കെടുത്തിട്ടുണ്ട്. മൂന്നു വയസ്സുള്ള സാൻവിക് എന്ന ഒരു മകൻകൂടി സൗമ്യക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

