കാരുണ്യത്തിന്റെ തണലിൽ മോഷറഫ് നാടണഞ്ഞു; തുണയായി ടീം ഹോപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന മോഷറഫിനൊപ്പം ടീം ഹോപ്പ് ഭാരവാഹികൾ
മനാമ: ബഹ്റൈനിൽ രോഗബാധിതനായി ദുരിതജീവിതം നയിച്ചിരുന്ന ബംഗ്ലാദേശി പ്രവാസി മോഷറഫ് (51) ഒടുവിൽ നാട്ടിലേക്ക് മടങ്ങി. ഫ്ലെക്സി വിസയിൽ തുച്ഛമായ ശമ്പളത്തിന് കാർ കഴുകൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം, ശാരീരിക അവശതകളെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സാമൂഹിക സംഘടനയായ ‘ടീം ഹോപ്പിന്റെ’ കൃത്യമായ ഇടപെടലിലൂടെയാണ് ഒന്നരമാസത്തെ ആശുപത്രി വാസത്തിനുശേഷം ഇദ്ദേഹത്തിന് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.
കുടലിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഷറഫ് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. നേരത്തേ പ്രമേഹം മൂലം ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന ഇദ്ദേഹത്തിന് ദൈനംദിന കാര്യങ്ങൾക്ക് മറ്റൊരാളുടെ സഹായം അത്യാവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാൻ ഡോക്ടർമാർ നിർദേശിച്ചത്. വിവരമറിഞ്ഞ ടീം ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തിന്റെ യാത്രക്കും ചികിത്സക്കുമായി രംഗത്തിറങ്ങുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 30ന് രാത്രി ഗൾഫ് എയർ വിമാനത്തിലാണ് മോഷറഫിനെ നാട്ടിലേക്ക് അയച്ചത്. നിലവിൽ കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹം തന്നെ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയമത്രയും ആവശ്യമായ പരിചരണവും പിന്തുണയും നൽകാൻ ഹോപ്പ് പ്രവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു.
യാത്രക്ക് മുന്നോടിയായി മോഷറഫിന്റെ തുടർ ചികിത്സക്കുള്ള സാമ്പത്തിക സഹായം ടീം ഹോപ്പ് വൈസ് പ്രസിഡന്റ് ഷാജി മൂതല കൈമാറി. ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, സാബു ചിറമേൽ, അഷ്കർ പൂഴിതല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കാരുണ്യമനസ്സുള്ള അംഗങ്ങളുടെ സഹകരണമാണ് ദുരിതത്തിലായ ഈ പ്രവാസിക്ക് പുതുജീവൻ നൽകാൻ സാധിച്ചതെന്ന് ടീം ഹോപ്പ് ഭാരവാഹികൾ അറിയിച്ചു. കുടുംബത്തോടൊപ്പം എത്തിച്ചേർന്ന മോഷറഫ് ടീം ഹോപിനെ ബന്ധപ്പെടുകയും സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

