കൂടുതൽ സഞ്ചാരികൾ, കൂടുതൽ വരുമാനം
text_fieldsമനാമ: കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 38 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് വിനോദ സഞ്ചാരമേഖല 82 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു.
വിനോദ സഞ്ചാരമേഖലയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 562 ശതമാനം വളർച്ച കൈവരിച്ചു. 2021 രണ്ടാം പാദത്തിൽ 49.9 ദശലക്ഷം ദീനാറായിരുന്ന വരുമാനം ഈ വർഷം ഇതേ കാലയളവിൽ 330.4 ദശലക്ഷം ദീനാറായി ഉയർന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 5,69,000 രാത്രികളാണ് വിനോദസഞ്ചാരികൾ ബഹ്റൈനിൽ ചെലവഴിച്ചത്. എന്നാൽ, ഈ വർഷം ഇത് 29,73,000 രാത്രികളായി ഉയർന്നു. 422 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയത് ഹോട്ടലുകൾക്കും മറ്റ് അനുബന്ധ മേഖലകൾക്കും ആശ്വാസമായി.
വിനോദ സഞ്ചാരമേഖലയുടെ പൂർണമായ വീണ്ടെടുപ്പിന് ശരിയായ ദിശയിൽ തന്നെയാണ് രാജ്യം നീങ്ങുന്നത് എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി പറഞ്ഞു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും രാജ്യത്തെ വിനോദ സഞ്ചാരമേഖലയെ പരിചയപ്പെടുത്താൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്.
വരും നാളുകളിലും ഈ വളർച്ച നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഇല്ലാതാകുന്നതോടെ വിനോദ സഞ്ചാരികളുടെ വരവ് ഉയരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.