ബഹ്‌റൈനിൽ പ്രതിദിനം 400 ടണ്ണിലധികം ഭക്ഷണം പാഴാക്കപ്പെടുന്നു
text_fieldsമനാമ: ബഹ്‌റൈനിൽ പ്രതിദിനം 400 ടണ്ണിലധികം ഭക്ഷണമാണ് പാഴാക്കപ്പെടുന്നതെന്നും റമദാൻ മാസത്തിൽ ഇത് 600 ടണ്ണിലധികമായി ഉയരുന്നുണ്ടെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിനെ ഉദ്ധരിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വീടുകളിൽ നിന്ന് അനാവശ്യമായ ഭക്ഷണം പാഴാക്കുന്നതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഐക്യരാഷ്ട്രസഭയുടെ എൻവയോൺമെന്റ് പ്രോഗ്രാം തയ്യാറാക്കിയ 'ഫുഡ് വേസ്റ്റ് ഇൻഡക്സ്' പ്രകാരം, ബഹ്‌റൈനിൽ ഒരാൾ പ്രതിവർഷം ശരാശരി 132 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നു. അറബ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് പ്രതിവർഷം മൊത്തം 1,46,000 ടൺ ഭക്ഷണമാണ് പാഴാകുന്നത്, ഇതിന്റെ സാമ്പത്തിക മൂല്യം ഏകദേശം 9.5 കോടി ദീനാറോളം വരും. അസ്കർ ലാൻഡ്‌ഫില്ലിൽ തള്ളുന്ന മാലിന്യത്തിന്റെ പകുതിയോളവും ഭക്ഷണമാണെന്നത് ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. അതേസമയം, ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശക്തമായ നടപടികളാണ് പുരോഗമിക്കുന്നത്. 'ബഹ്‌റൈൻ ഫുഡ് ബാങ്ക്' നടത്തുന്ന 'കൺസർവിംഗ് ബൗണ്ടീസ് സൊസൈറ്റി' ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.
2014-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, വിവാഹങ്ങൾ, കോർപ്പറേറ്റ് പരിപാടികൾ എന്നിവയിൽ നിന്ന് കഴിക്കാൻ യോഗ്യമായ അധിക ഭക്ഷണം ശേഖരിച്ച് അർഹരായ കുടുംബങ്ങൾക്കും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും വിതരണം ചെയ്യുന്നുണ്ട്. 66 ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ വർഷം മാത്രം 230 ടൺ ഭക്ഷണം സംരക്ഷിക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞു, 2024-ൽ ഇത് 183 ടൺ ആയിരുന്നു.
സൊസൈറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് മുഹറഖ് മുൻസിപ്പാലിറ്റിയും ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഉപയോഗയോഗ്യമായ ഭക്ഷണം സംഭാവന ചെയ്യാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കഴിക്കാൻ സാധിക്കാത്ത ഭക്ഷണ അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇതിനുപുറമേ, വിറ്റഴിക്കപ്പെടാത്ത ഭക്ഷണങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന മൊബൈൽ ആപ്പുകളും ജനപ്രിയമാകുന്നുണ്ട്. ഭക്ഷണം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമാണെങ്കിലും, വീടുകളിൽ നിന്ന് തന്നെ ഭക്ഷണം പാഴാകുന്നത് തടയുന്നതാണ് ഏറ്റവും പ്രധാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങുക, കൃത്യമായി പ്ലാൻ ചെയ്യുക, ശരിയായ രീതിയിൽ സൂക്ഷിക്കുക, ബാക്കിവരുന്ന ഭക്ഷണം വീണ്ടും ഉപയോഗിക്കുക എന്നിവ വഴി ഭക്ഷണ മാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിൽ എത്തുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

