സൽമാനിയ ക്ലിനിക്കുകളിൽ ചികിത്സ തേടിയത് 15 ലക്ഷം പേർ
text_fieldsസർക്കാർ ആശുപത്രികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയദിനാഘോഷ പരിപാടിയിൽനിന്ന്
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ വിവിധ ക്ലിനിക്കുകളിൽ 2021ൽ ചികിത്സ തേടിയെത്തിയത് 15 ലക്ഷം പേരാണെന്ന് ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
സർക്കാർ ആശുപത്രികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും അദ്ദേഹം ദേശീയ ദിനാശംസകൾ നേർന്നു.
ഹമദ് രാജാവിെൻറ ഭരണകാലത്ത് രാജ്യം വിവിധ മേഖലകളിൽ പുരോഗതിയും വളർച്ചയും കൈവരിച്ചതായി അദ്ദേഹം വിലയിരുത്തി. രാജ്യത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് തയാറാക്കിയ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണ്. രാജ്യത്തെ ചികിത്സാ മേഖലയിലെ വെള്ളിനക്ഷത്രമാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്. ഉദ്ഘാടനം ചെയ്തതു മുതൽ ഇന്നേവരെ അതിെൻറ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ 4,27,000 പേരാണ് 2021ൽ ചികിത്സ തേടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രികളുടെ സ്വയംഭരണ സംവിധാനം വഴി ആരോഗ്യസേവന മേഖലയിൽ പുരോഗതിയുണ്ടായിട്ടുണ്ട്.
മത്സരാധിഷ്ഠിത പ്രവർത്തനം, ഉന്നത ഗുണനിലവാരം, ഉത്തരവാദിത്ത പൂർണമായ പ്രവർത്തനം എന്നിവ ഉറപ്പാക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവും ആർജിക്കുന്നതിനും ആശുപത്രികൾക്ക് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ആരോഗ്യസേവന മേഖലയിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

