അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവും; രാജ്യത്ത് കൂടുതൽ സ്മാർട്ട് കാമറകൾ സ്ഥാപിക്കും
text_fieldsമനാമ: അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവും പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്മാർട്ട് കാമറകൾ സ്ഥാപിക്കാനൊരുങ്ങി ബഹ്റൈൻ. സ്മാർട്ട് കാമറകൾ ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘട്ടംഘട്ടമായി സ്ഥാപിച്ചു തുടങ്ങിയതായും 2028ഓടെ കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബഹ്റൈനിലെ അപകടസാധ്യതയുള്ള റോഡുകളിൽ ആധുനിക സ്മാർട്ട് ട്രാഫിക് കാമറകൾ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ജനപ്രതിനിധികൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അധികൃതർ. ജനാബിയ ഹൈവേയിൽ സൽമാൻ സിറ്റി വരെയുള്ള ഭാഗങ്ങളിൽ പുതിയ കാമറകൾ സ്ഥാപിക്കുമെന്നും, ഇതിൽ രണ്ട് സ്ഥലങ്ങളിൽ 2027ലും മറ്റ് ഏഴ് ഇടങ്ങളിൽ 2028ലും കാമറകൾ പ്രവർത്തനസജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.
ഹമദ് ടൗണിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ 6, 14 റൗണ്ട് എബൗട്ട് ടണലുകളിൽ കാമറകൾ സ്ഥാപിക്കാൻ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചിട്ടുണ്ട്. റേസിങ് ട്രാക്കായി ഈ റോഡിനെ ചിലർ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരേസമയം ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്താനാകും എന്നതാണ് ഈ സ്മാർട്ട് കാമറകളുടെ പ്രത്യേകത. അമിതവേഗത കണ്ടെത്തൽ, ലൈൻ ലംഘനം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാമറകൾ കണ്ടെത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളുമായി സ്വയം ബന്ധിപ്പിക്കുകയും ചെയ്യും. സാങ്കേതികവിദ്യ സുരക്ഷ വർധിപ്പിക്കുമെങ്കിലും ഡ്രൈവർമാരുടെ ഉത്തരവാദിത്തബോധം അത്യന്താപേക്ഷിതമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ദരാജ് പറഞ്ഞു. റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ വീട്ടിലേക്ക് പോകുന്ന സമയത്ത് ഉൾപ്പെടെ റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

