ബഹ്റൈനിൽ വിധവകൾക്കും വിവാഹമോചിതർക്കും കൂടുതൽ സാമ്പത്തികസഹായം
text_fieldsഎം.പി ഡോ. അലി അൽ നുഐമി
മനാമ: രാജ്യത്തെ വിധവകൾ, അനാഥർ, വിവാഹമോചിതർ എന്നിവർക്ക് സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന ശിപാർശ ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം.പി ഡോ. അലി അൽ നുഐമിയാണ് ഈ നിർദേശം സമർപ്പിച്ചത്. സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ അർഹരായ വിധവകൾക്കും വിവാഹമോചിതർക്കും പ്രതിമാസം 110 ദീനാർ വീതം കോസ്റ്റ് ഓഫ് ലിവിങ് അലവൻസായി നൽകുന്നുണ്ട്. ഒറ്റക്കുള്ള വ്യക്തിക്ക് 77 ദീനാറും രണ്ടുപേരുള്ള കുടുംബത്തിന് 132 ദീനാറും അധികമുള്ള ഓരോ അംഗത്തിനും 28 ദീനാർ വീതവും സാമൂഹിക സുരക്ഷാ സഹായമായും നൽകിവരുന്നു.
വൈദ്യുതി, ജല ബില്ലുകളിൽ പ്രതിമാസം 10 മുതൽ 20 ദീനാർ വരെ ഇളവ് നൽകുന്നു. കൂടാതെ റമദാൻ മാസത്തിൽ പ്രത്യേക ധനസഹായവും നൽകിവരുന്നു.
2022 ജനുവരിയിൽ ഈ ആനുകൂല്യങ്ങളിൽ 10 ശതമാനം വർധന വരുത്തിയിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, നിലവിലെ ജീവിതസാഹചര്യങ്ങൾ കണക്കിലെടുത്ത് സഹായം ഇനിയും വർധിപ്പിക്കണമെന്നാണ് പാർലമെന്റിലെ സർവിസസ് കമ്മിറ്റിയുടെയും സാമ്പത്തികകാര്യ സമിതിയുടെയും നിലപാട്. സംസ്ഥാന സഹായ പദ്ധതികൾ പുനഃക്രമീകരിക്കുന്നതിനായി സർക്കാറും പാർലമെന്റും തമ്മിൽ നടത്തുന്ന ചർച്ചകളുടെ ഭാഗമാണ് ഈ നീക്കം. കുറഞ്ഞ വരുമാനമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കൂടുതൽ സഹായം അനിവാര്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. പാർലമെന്ററി കമ്മിറ്റി ഈ ഭേദഗതിക്ക് അനുകൂലമായ ശിപാർശയാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

