ഇൻഡ്യ മുന്നണിക്ക് കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യം- പ്രവാസി വെൽഫെയർ
text_fieldsമനാമ: തെലങ്കാന, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതിപക്ഷ മുന്നണിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൂടുതൽ ഗൗരവമായ ആലോചനകൾ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം ഒരിക്കലും പരിഹാരമല്ല.വംശീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നുവരേണ്ടത്.അതിന് സാമൂഹ്യഘടനയെ തന്നെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്.
തെരെഞ്ഞെടുപ്പ് നടക്കുമ്പോഴും പരസ്പരമുള്ള അധികാര തർക്കവും തള്ളിപ്പറയലുകളുമായി ജനങ്ങൾക്ക് അവജ്ഞയുണ്ടാക്കുന്ന സമീപനമാണ് ഇൻഡ്യ മുന്നണിയിലെ കക്ഷികൾ പുലർത്തിയത്. കോൺഗ്രസിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ട്. ഇൻഡ്യ മുന്നണി കൂടുതൽ വിശാലമാക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്തുകയും വേണം. മുന്നണി എന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മാത്രമുള്ളതാണ് എന്ന സമീപനത്തിന് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ ഫലം.ഈ പോരായ്മ പരിഹരിക്കാൻ കഴിഞ്ഞാലേ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് വിജയിക്കാനാകൂ എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

