പ്രവാസ കാല പ്രയാണത്തിന് വിരാമമിട്ട് മോനുച്ച
text_fieldsമോനുച്ചക്ക് പ്രിയപ്പെട്ടവർ നൽകിയ യാത്രയയപ്പ്
ജീവിതസാഹചര്യം പ്രവാസിയാക്കിയ ഖാദർ തലപ്പാടിയെന്ന മോനുച്ച നീണ്ട 38 വർഷക്കാലത്തെ പ്രയാണത്തിന് ശേഷം വിരാമമിടുന്നു. 1987ൽ സൗദിയിലെത്തിയ അദ്ദേഹം പത്ത് വർഷക്കാലത്തെ സൗദി ജീവിതത്തിന് ശേഷമാണ് ബഹ്റൈനിലെത്തുന്നത്. പിന്നീട് ബഹ്റൈനായി മോനുച്ചയുടെ ഇടം. ലളിത ജീവിതത്തിലും വ്യക്തിത്വത്തിലും പ്രഭ കാണിച്ച മോനുച്ചയുടെ ജീവിതം എന്നും അവിസ്മരണീയമാണ്. കുട്ടിക്കാലത്ത് കായിക ഇനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മോനുച്ച. ക്രിക്കറ്റും ഫുട്ബാളും കളിച്ചു നടന്ന കാലത്ത് എതിർടീമിന് പേലും ഭയമുള്ള മികച്ച കളിക്കാരൻ.
ആ ആവേശ നാളുകൾക്ക് ഫുൾസ്റ്റോപ്പിട്ടായിരുന്നു പ്രവാസ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്. ബാല്യകാല സുഹൃത്തായ സന്തോഷ് മൂസയുടെ ക്ഷണപ്രകാരമാണ് ഒരു കമ്പനിയിൽ ഡ്രൈവറായി സൗദിയിൽനിന്ന് ബഹ്റൈനിലെത്തുന്നത്. അതിനിടയിൽ ഭാഗ്യമെന്നോണമാണ് ബഹ്റൈൻ രാജ കുടുംബത്തിലെ താത്കാലിക ഡ്രൈവറായി രണ്ടു ദിവസം ജോലിക്ക് പോവാനുള്ള അവസരം ലഭിച്ചത്. എന്നാൽ, മോനുച്ചയിൽ കണ്ട കൃത്യനിഷ്ഠയും സത്യസന്ധതയും അവിടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു.
അത് മോനുച്ചയുടെ ജീവിതം മാറ്റിയെഴുതാനുള്ള തുടക്കമായിരുന്നു. ജോലിയിൽ ഇവിടെ തുടരുന്നോയെന്ന ചോദ്യത്തോടെ മോനുച്ചയുടെ സന്തോഷവും ഏറി. നിലവിലുള്ള സ്പോൺസറുടെ സമ്മതത്തോടെ തന്നെ വിസ മാറ്റി മോനുച്ച രാജകുടുംബത്തിലെ ഡ്രൈവറായി. പിന്നീടുള്ള 26 വർഷക്കാലം പിരിയുന്ന ഈ സമയംവരെ അദ്ദേഹം അവിടെ തുടരുകയായിരുന്നു. മോനുച്ചയെ അടുത്തറിയുന്നവർ ‘രാജാവ് മോനുച്ച’ എന്നായിരുന്നു വിളിച്ചിരുന്നത്. രാജകുടുംബത്തിലെ ജോലിക്കാരനും രാജാവിന്റെ പരിവേശമാണെന്നാണ്. ഇനി മോനുച്ച നാട്ടിൽ വിശ്രമത്തിനൊരുങ്ങുകയാണ്.
മനസ്സില്ലാമനസ്സോടെ പവിഴ ദ്വീപിലെ പ്രിയപ്പെട്ടവരോടെല്ലാം മോനുച്ച യാത്ര പറഞ്ഞുതുടങ്ങി. ഹ്യൂമൻ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ യൂനിറ്റ് അംഗങ്ങൾ, മറ്റു കുടുംബ ബന്ധുക്കളും പ്രവാസി സുഹൃത്തുക്കളും അദ്ദേഹത്തെ യാത്രപറയുന്ന വേളയിൽ ആദരിച്ചിരുന്നു. ശിഷ്ടകാലം കുടുംബത്തോടൊപ്പം നല്ല ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന പ്രാർഥനയോടെയാണ് പ്രിയപ്പെട്ടവർ മോനുച്ചയെ യാത്രയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

