പണം തട്ടിയെടുത്ത കേസ്; ബാങ്ക് ഉദ്യോഗസ്ഥന് തടവും പിഴയും
text_fieldsRepresentation Image
മനാമ: മരിച്ച ആളുകളുടെ ബാങ്കിലെ നിക്ഷേപം തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന് തടവും പിഴയും. നാലു വർഷം തടവിനും ഒരു ലക്ഷം ദീനാർ പിഴയടക്കാനുമാണ് കോടതി വിധിച്ചത്. കൂടാതെ, തട്ടിയെടുത്ത 5,12,000 ദീനാർ കണ്ടുകെട്ടാനും വിധിയുണ്ട്. 32കാരനായ പ്രതിയാണ് 19 ഉപഭോക്താക്കളുടെ പണം തട്ടിയെടുത്തത്. കൂടാതെ, ഈ പണം വെളുപ്പിക്കുന്നതിനായും ശ്രമിച്ചിരുന്നു. പ്രതിയുടെ 40,000 ദീനാർ ഫുട്ബാൾ മാച്ചുമായി ബന്ധപ്പെട്ട വാതുവെപ്പിൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മരിച്ചുപോയവരുടെ അക്കൗണ്ടിലുള്ള നിക്ഷേപം തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചത്. അവരുടെ ബന്ധുക്കളറിയാതെയാണ് ഈ പണം വാതുവെപ്പിനായി ഇയാൾ തട്ടിയെടുത്തത്. വ്യാജ രേഖകളുപയോഗിച്ച് ഇവരുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് പ്രതിക്കെതിരെ ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചത്.

