എം.എ. മുഹമ്മദ് ജമാലിന് ഇന്ന് പൗരാവലിയുടെ ആദരം
text_fieldsമനാമ: വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ 65 വർഷത്തിലേറെ കാലമായി നേതൃത്വം വഹിക്കുകയും ചെയ്യുന്ന എം.എ. ജമാലിനെ ബഹ്റൈനിലെ പൗരാവലിയുടെയും ചാപ്റ്റർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച ആദരിക്കും. മനാമ കെ.എം.സി.സി സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹാദരം പരിപാടിയിൽ റാഷിദ് ഗസ്സാലി, മുജീബ് ഫൈസി, അണിയാരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവർ പങ്കെടുക്കും. സ്നേഹാദരം സംഗമം ബഹ്റൈൻ സമസ്ത പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.എ. മുഹമ്മദ് ജമാലിന്റെ ‘സച്ചരിതന്റെ ഉദ്യാനം’ എന്ന ജീവചരിത്ര പുസ്തക പ്രകാശനം ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിക്കും.
എം.എ. ജമാലിനെ ആദരിക്കുന്നതിന്റെ പരിപാടികൾ വിശദീകരിക്കാനായി സംഘാടകർ നടത്തിയ വാർത്തസമ്മേളനം
കോളോടൻ കുഞ്ഞിപോക്കർ ഹാജി സൗജന്യമായി നൽകിയ നാല് ഏക്കർ സ്ഥലത്ത് 1967ൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ആറ് അനാഥ കുട്ടികളെ ചേർത്ത് തുടക്കം കുറിച്ച വയനാട് മുസ്ലിം ഓർഫനേജിനെ ഇന്ന് കാണുന്ന രീതിയിൽ ഉയർച്ചയിലേക്ക് മാറ്റിയെടുക്കുന്നതിൽ വലിയ പങ്കാണ് ജമാലിനുള്ളത്. ജില്ലയിൽ ആദ്യമായി സി.ബി.എസ്.ഇ സ്കൂൾ തുടങ്ങിയത് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിെന്റ തെളിവാണെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഒരു എയ്ഡഡ് കോളജ്, ഒരു അൺ എയ്ഡഡ് കോളജ്, െസ്പഷൽ സ്കൂൾ, നാല് സി.ബി.എസ്.ഇ സ്കൂളുകൾ, രണ്ടു ഹയർസെക്കൻഡറി സ്കൂളുകൾ, അറബിക് കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഡബ്ലൂ.എം.ഒക്ക് കീഴിലുള്ളത്. പതിനായിരത്തിലധികം വിദ്യാർഥികളാണ് ഇന്ന് ഡബ്ലൂ.എം.ഒയുടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നത്.
1967ൽ ഡബ്ല്യൂ.എം.ഒ ആരംഭിക്കുന്നതിന്റെ ആദ്യ ആലോചനാ യോഗം കൽപറ്റയിൽ ചേർന്നപ്പോൾ ഈ യോഗത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ജമാൽ ഇന്ന് ഡബ്ലൂ.എം.ഒ ജനറൽ സെക്രട്ടറി സ്ഥാനത്ത് 37 വർഷം പിന്നിടുകയാണ്. വയനാട്ടിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ സംഘബോധത്തിന്റെയും പ്രചാരകനായി വയനാട്ടിലെ മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ജാതി മത ഭേദമന്യേ നടത്തുന്ന സ്ത്രീധനരഹിത വിവാഹ സംഗമം അദ്ദേഹത്തിന്റെ ഇടപെടലിന്റെ മകുടോദാഹരണമാണെന്നും സംഘാടകർ പറഞ്ഞു.
അഷ്റഫ് കാട്ടിൽപീടിക (വർക്കിങ് പ്രസിഡന്റ് ഡബ്ല്യൂ.എം.ഒ ചാപ്റ്റർ, ചെയർമാൻ സ്നേഹാദരം), കാസിം റഹ്മാനി വയനാട് (ജനറൽ സെക്രട്ടറി), ശറഫുദ്ദീൻ മാരായിമംഗലം (കൺവീനർ സ്നേഹാദരം), റഫീഖ് നാദാപുരം (ഓർഗനൈസിങ് സെക്രട്ടറി ഡബ്ല്യൂ.എം.ഒ ചാപ്റ്റർ), ഇസ്മായിൽ പയ്യന്നൂർ സെക്രട്ടറി, ഡബ്ല്യൂ.എം.ഒ ചാപ്റ്റർ, പി.ടി. ഹുസൈൻ (പ്രസിഡന്റ് കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല), ഹുസൈൻ മക്കിയാട് (ജനറൽ സെക്രട്ടറി കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല), ഫതുദ്ദീൻ മേപ്പാടി (ഓർഗനൈസിങ് സെക്രട്ടറി കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല), മുഹ്സിൻ പന്തിപ്പൊയിൽ (വൈസ് പ്രസിഡന്റ് കെഎം.സിസി ബഹ്റൈൻ വയനാട് ജില്ല), സഫീർ നിരവിൽപുഴ (ജോയന്റ് സെക്രട്ടറി കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

