ആധുനിക സെൻട്രൽ മാർക്കറ്റുകൾ വരുന്നു
text_fields(file photo)
മനാമ: ബഹ്റൈനിലെ നാല് ഗവർണറേറ്റ് പരിധികളിൽ ആധുനിക സെൻട്രൽ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ദക്ഷിണ മുനിസിപ്പൽ കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ഖലഫാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള സെൻട്രൽ മാർക്കറ്റുകളുടെ നവീകരണമോ അല്ലെങ്കിൽ സ്വകാര്യ മേഖലയുമായി ചേർന്ന് പുതിയ മാർക്കറ്റുകൾ സ്ഥാപിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വ്യാപാരികളുടെയും വിൽപനക്കാരുടെയും ഉപഭോക്താക്കളുടെയും വലിയൊരു സംഘത്തെ ഉൾക്കൊള്ളുന്ന വിശാലമായ കേന്ദ്രമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സല്ലാഖിൽ മിനി മാർക്കറ്റ് ആരംഭിക്കുന്നതിനുള്ള നിർദേശം അദ്ദേഹം തള്ളിക്കളഞ്ഞു. സ്ഥല, ബജറ്റ് പരിമിതിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.
എല്ലാ സൗകര്യങ്ങളുമുള്ള, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സെൻട്രൽ മാർക്കറ്റ് സ്ഥാപിക്കാൻ കണ്ടെത്തേണ്ടത്. ചുരുങ്ങിയത് 10,000 ചതുരശ്ര മീറ്റർ ഇതിനു വേണം. ഇത്തരമൊരു സ്ഥലം ലഭ്യമല്ലാത്തതാണ് സല്ലാഖിൽ മിനി മാർക്കറ്റ് സ്ഥാപിക്കുന്നതിന് തടസ്സമായത്. ഹമദ് ടൗണിൽ ഒരു പരമ്പരാഗത മാർക്കറ്റ് സ്ഥാപിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
സല്ലാഖ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ ആളുകൾക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.