ജൈവവൈവിധ്യ സംരക്ഷണത്തിൽ മാതൃക; വന്യജീവി ദിനാഘോഷവുമായി രാജ്യം
text_fieldsമനാമ: വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിലൂടെ പ്രകൃതിദത്തമായ സന്തുലിതാവസ്ഥ നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തിൽ രാജ്യം മറ്റുള്ളവർക്ക് മാതൃകയാണെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഡിസംബർ 30ന് ആചരിക്കുന്ന ഗൾഫ് വന്യജീവി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘സുസ്ഥിര വന്യജീവികൾക്കായി പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഒരു സമൂഹം’എന്നതാണ് ഈ വർഷത്തെ ഗൾഫ് വന്യജീവി ദിനത്തിന്റെ പ്രമേയം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും പരിസ്ഥിതി ബോധവത്കരണം വർധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രകൃതി-വന്യജീവി സംരക്ഷണത്തിനും സന്തുലനത്തിനും നിരവധി സംരക്ഷണ പദ്ധതികൾ ബഹ്റൈൻ സർക്കാറുമായി ചേർന്ന് നടപ്പാക്കുന്നുണ്ട്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനായി മുഹമ്മദ് ബിൻ സയീദ് നാച്വറൽ റിസർവ്, രാജ്യത്തെ കണ്ടൽക്കാടുകളുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ വൻതോതിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള വനവത്കരണ പദ്ധതികൾ, അധിനിവേശ പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പ്രോഗ്രാമുകൾ എന്നിവ ഇതിലുൾപ്പെടുന്നു. അറേബ്യൻ ഓറിക്സ്, റീം ഗസൽ തുടങ്ങി ജീവികളുടെ പ്രജനനം നടത്തുകയും 2024 ഡിസംബർ വരെ 2.2 ദശലക്ഷം തൈകൾ നട്ടുപിടിപ്പിച്ചതും ഈ പദ്ധതികളുടെ നേട്ടങ്ങളാണ്. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ്, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി എന്നിവരുമായി സഹകരിച്ചാണ് സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനും ഭാവി തലമുറക്കായി പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കാനും ഈ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

