കോൾ ചെയ്യാൻ ആരെങ്കിലും ഫോൺ ചോദിച്ചാൽ സൂക്ഷിക്കുക!
text_fieldsമനാമ: ‘മൊബൈൽ ഫോൺ ഒന്ന് തരുമോ, അത്യാവശ്യമായി ഒരു കോൾ ചെയ്യാനാണ്’ എന്നുപറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ സൂക്ഷിക്കുക; വലിയൊരു തട്ടിപ്പിനുള്ള കെണിയൊരുക്കലായിരിക്കും അത്.
കഴിഞ്ഞദിവസം ചില മലയാളികൾക്കുണ്ടായ അനുഭവമാണ് പുതിയതരം തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. വിദേശിയായ ഒരാൾ ഇവരെ സമീപിച്ച് മൊബൈൽ ഫോൺ ചോദിച്ചു. അത്യാവശ്യമായി ഒരു കോൾ ചെയ്യാനാണെന്ന് പറഞ്ഞാണ് ഫോൺ ആവശ്യപ്പെട്ടത്. മറ്റൊന്നും ചിന്തിക്കാതെ ഇവർ ഫോൺ നൽകുകയും ചെയ്തു.
എന്നാൽ, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾക്ക് സംശയം തോന്നിയതിനാൽ അയാൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തിരിച്ചുവാങ്ങി. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ ഒരു ഒ.ടി.പി നമ്പർ വന്നുകിടക്കുന്നതുകണ്ടു. തട്ടിപ്പുകാരൻ ഫോണിൽ വിളിക്കുമ്പോൾ മറുഭാഗത്തുള്ളയാൾ നമ്പർ മനസ്സിലാക്കി ഓൺലൈൻ ഇടപാട് നടത്തുകയും ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ വിളിക്കുന്നയാൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന തട്ടിപ്പിനുള്ള ശ്രമമാണ് അവസാനനിമിഷം പൊളിഞ്ഞത്.
സഹതാപം പിടിച്ചുപറ്റുന്നരീതിയിൽ ഇത്തരം തട്ടിപ്പുകാർ വീണ്ടും ആരെയെങ്കിലും കെണിയിൽപെടുത്താൻ ശ്രമിക്കുന്നുണ്ടാകും. ഓരോരുത്തരും ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് അബദ്ധത്തിൽ ചാടാതിരിക്കാനുള്ള വഴി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.