മിഷൻ വിങ്സ് ഒാഫ് കംപാഷൻ: ബഹ്റൈനിൽ ടിക്കറ്റ് ലഭിച്ചത് 114 പേർക്ക്
text_fieldsമനാമ: സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്നതിന് ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ആവിഷ്കരിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ബഹ്റൈനിൽനിന്ന് ടിക്കറ്റ് ലഭിച്ചത് 114 പേർക്ക്. ഇവരിൽ 90 പേർ ഇതിനകം വിവിധ വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളിലായി നാട്ടിലെത്തി. ശേഷിക്കുന്ന 24 പേർ ചൊവ്വാഴ്ച കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിൽ നാടണയും.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടമായി കടുത്ത ദുരിതത്തിലായ ആളുകൾക്ക് സഹായവുമായാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ എത്തിയത്. ടിക്കറ്റെടുക്കാൻ മറ്റൊരു വഴിയുമില്ലാതെ വിഷമിച്ച ഇവർക്ക് ഇൗ പദ്ധതി ആശ്വാസ കരങ്ങളാവുകയായിരുന്നു. യാത്ര നടക്കില്ലെന്ന് കരുതിയ പലർക്കും അങ്ങനെ നാട്ടിലെത്താനായി. വ്യവസായ പ്രമുഖരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നിരവധി പേർ ടിക്കറ്റിനുള്ള തുക നൽകാൻ തയാറായി രംഗത്തുവന്നതോടെ മിഷൻ വിങ്സ് ഒാഫ് കംപാഷൻ വൻ വിജയമാവുകയായിരുന്നു.
