മൈനറും പാസ്പോർട്ടും
text_fieldsമൈനറായ കുട്ടികളുടെ പാസ്പോർട്ട് പുതുക്കുകയോ പുതിയ പാസ്പോർട്ട് എടുക്കുകയോ ചെയ്യുമ്പോൾ അപേക്ഷയിൽ മാതാപിതാക്കളിൽ രണ്ടുപേരുടെയും ഒപ്പ് നിർബന്ധമാണ്. നാട്ടിൽനിന്ന് പുതിയ പാസ്പോർട്ട് എടുക്കുകയോ പുതുക്കുകയോ ചെയ്യുമ്പോൾ മാതാപിതാക്കളിൽ ഒരാൾ വിദേശത്താണെങ്കിൽ അവിടത്തെ ഇന്ത്യൻ എംബസിയിൽനിന്ന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം. വിദേശത്തുവെച്ച് പുതിയ പാസ്പോർട്ട് എടുക്കുകയോ പുതുക്കുകയോ ചെയ്യുമ്പോൾ രക്ഷിതാക്കളിൽ ഒരാൾ നാട്ടിലാണെങ്കിൽ നോട്ടറി ഓഫിസിൽനിന്ന് മുദ്രപത്രത്തിൽ തയാറാക്കിയ സത്യവാങ്മൂലം ആവശ്യമാണ്. ഇത് ന്യൂഡൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അപ്പോസ്റ്റിൽ ചെയ്യിക്കുകയും വേണം.
വിദേശത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം നൽകുന്നതാണ്. തുടർന്ന് ഇന്ത്യൻ എംബസിയിൽ ജനനം രജിസ്റ്റർ ചെയ്ത് ജനന സർട്ടിഫിക്കറ്റ് വാങ്ങിസൂക്ഷിക്കണം. പിന്നീട് നാട്ടിൽനിന്ന് പുതിയ ജനന സർട്ടിഫിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. വിദേശത്തെ ആരോഗ്യമന്ത്രാലയം നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയിൽനിന്നും അതത് രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിൽനിന്നും അറ്റസ്റ്റ് ചെയ്യിക്കുന്നതും നല്ലതാണ്.
വിദേശത്തെ ഇന്ത്യൻ എംബസിയിൽനിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും എംബസിയെ സമീപിച്ച് അപേക്ഷ നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് 10.500 ദിനാറാണ് ഫീസ്. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് നൽകിയ ജനന സർട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ഇന്ത്യൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉണ്ടെങ്കിൽ അത്, പാസ്പോർട്ട്, ഫോട്ടോ എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്.
ആരോഗ്യമന്ത്രാലയം നൽകുന്ന ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഈസ ടൗണിലെ സി.പി.ആർ ഓഫിസിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തിന്റെ കൗണ്ടറിൽ ചെന്ന് അപേക്ഷ നൽകിയാൽ മതിയാകും. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉണ്ടെങ്കിൽ അത്, സി.പി.ആർ കോപ്പി, പാസ്പോർട്ട് കോപ്പി (പുതിയതും പഴയതും) അപേക്ഷകൻ നാട്ടിലാണെങ്കിൽ പകരം ആളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഓതറൈസേഷൻ ലെറ്റർ എന്നീ രേഖകളാണ് നിശ്ചിത ഫോറത്തിലുള്ള അപേക്ഷക്കൊപ്പം നൽകേണ്ടത്.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.