ഭവന വായ്പകളെക്കുറിച്ച് അവബോധം നൽകാൻ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ മൊബൈൽ ബ്രാഞ്ച് പദ്ധതി
text_fieldsഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ മൊബൈൽ ബ്രാഞ്ച് പദ്ധതിയിൽ നിന്ന്
മനാമ: ഭവന, നഗരാസൂത്രണ മന്ത്രാലയം, ഹൗസിങ് ബാങ്കുമായി സഹകരിച്ച്, ഭവനവായ്പ സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി മൊബൈൽ ബ്രാഞ്ച് പദ്ധതി സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെ സിറ്റി സെന്ററിലെ ഗേറ്റ് 1 ൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. ഭവന വായ്പാ ഓപ്ഷനുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ സേവനങ്ങളിൽ താൽപര്യമുള്ള പൗരന്മാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനുമാണ് സംരംഭം ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ വേഗത്തിലും സൗകര്യപ്രദമായും ഭവന, സാമ്പത്തിക പരിഹാരങ്ങൾ തെരഞ്ഞെടുക്കാൻ പൗരന്മാരെ സഹായിക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹൈതം മുഹമ്മദ് കമൽ പറഞ്ഞു.
പൗരന്മാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ച മൂന്ന് മുൻ പതിപ്പുകളുടെ വിജയത്തിന് ശേഷമുള്ള പതിപ്പാണിത്. മൊബൈൽ ബ്രാഞ്ച് വഴി നേരിട്ടുള്ള മാർഗനിർദേശങ്ങൾ നൽകാനും സംശയങ്ങൾക്ക് ഉത്തരം നൽകാനും ഭവന വായ്പ നിയമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും വേഗത്തിൽ വിവരങ്ങൾ നൽകാനും സാധിക്കും.
ഭവന ധനകാര്യ പ്രദർശനങ്ങൾ, നവീകരണത്തെക്കുറിച്ചുള്ള സമ്മേളനങ്ങൾ, മന്ത്രാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ അസംബ്ലി അംഗങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസപരമായ ക്ലാസുകൾ എന്നിവയിലൂടെയും മന്ത്രാലയം ഭവന സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്നു. വിവിധ പരിപാടികളിലൂടെ പൗരന്മാരുമായി നേരിട്ടുള്ള ബന്ധം നിലനിർത്താനും ഭവനസേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സാമ്പത്തികപദ്ധതികളുടെ പ്രയോജനങ്ങൾ നേടാനും സഹായിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
‘ബീറ്റി’ എന്ന ഡിജിറ്റൽ കാൽക്കുലേറ്റർ വഴി പൗരന്മാർക്ക് അനുയോജ്യമായ സാമ്പത്തിക പരിഹാരങ്ങളും കൂടിയാലോചനകളും തെരഞ്ഞെടുക്കാൻ കഴിയുമെന്ന് ഹൗസിങ് ബാങ്കിലെ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ ഖാലിദ് അഹമ്മദ് അൽ ഖാജ പറഞ്ഞു.
ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള റെസിഡൻഷ്യൽ യൂനിറ്റുകൾ, പ്ലോട്ടുകൾ, അപ്പാർട്മെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നഗരസഭയിലെ വസ്തുവകകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

