ആരോഗ്യ, സുരക്ഷ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം
text_fieldsതൊഴിലാളി താമസ കെട്ടിടങ്ങളിൽ അധികൃതർ പരിശോധനക്കിടെ
മനാമ: തൊഴിലാളി താമസസ്ഥലങ്ങളിൽ ആരോഗ്യ, സുരക്ഷ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പരിശോധനയുടെ ഭാഗമായി തൊഴിലാളികളിലും തൊഴിലുടമകളിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ലഘു പുസ്തകങ്ങളും വിതരണം ചെയ്തു.
തൊഴിലാളികളുടെ മുറികളിൽ എട്ടിൽ കൂടുതൽ ആളുകൾ പാടില്ലെന്നും ആവശ്യത്തിനുള്ള സ്ഥല സൗകര്യം വേണമെന്നുമുള്ള മാനദണ്ഡങ്ങൾ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. എളുപ്പത്തിൽ എത്തിപ്പെടാനുള്ള സ്ഥലങ്ങളിൽ പ്രഥമശുശ്രൂഷാ സാമഗ്രികളും അഗ്നിശമന ഉപകരണങ്ങൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും ലഭ്യമാണെന്ന് ഇൻസ്പെക്ടർമാർ ഉറപ്പാക്കി. താമസസ്ഥലങ്ങളിൽ തൊഴിലുടമകൾ ആവശ്യമുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെയും വൈദ്യുതി വയറിങ്, ഇലക്ട്രിക്കൽ പാനലുകൾ തുടങ്ങിയവയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
താമസക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള അഗ്നിശമന ഉപകരണങ്ങളും പ്രഥമ ശുശ്രൂഷാ കിറ്റും താമസസ്ഥലത്ത് നിർബന്ധമായും ഉറപ്പാക്കേണ്ടതും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് നേടേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണ്. സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും പൗരന്മാരും താമസക്കാരും നിർബന്ധമായും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയത്. അപകടത്തിൽ മാതാവും ഭിന്നശേഷിക്കാരനായ മകനും മരണപ്പെട്ടിരുന്നു. കേടായ വയറിങ്ങാണ് ഹജിയാത്തിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

