14,000 ത്തിലധികം പഴകിയ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ച് വാണിജ്യ മന്ത്രാലയം
text_fieldsഭക്ഷ്യോൽപന്നങ്ങൾ സംസ്കരിക്കാനായി എത്തിക്കുന്നു
മനാമ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനുമുള്ള അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയ 14,000ത്തിലധികം പഴകിയതും കേടായതുമായ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ചു. വ്യവസായിക, വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്നാണ് ഇവ നശിപ്പിച്ചത്. മൂന്ന് വർഷം വരെ പഴക്കമുള്ള ഉൽപന്നങ്ങളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി പിടിക്കപ്പെട്ട കമ്പനികൾ ആറുമാസത്തേക്ക് അടച്ചുപൂട്ടാനും നോട്ടീസ് നൽകിയിട്ടുണ്ട്.
കോടതിവിധിക്ക് പിന്നാലെയാണ് നടപടി. കുറ്റക്കാർക്ക് കനത്ത പിഴയോടൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. വിദേശികളാണെങ്കിൽ നാടുകടത്താനും കോടതിവിധിയുണ്ട്. അസ്കറിലെ മാലിന്യസംസ്കരണകേന്ദ്രത്തിലാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണവസ്തുക്കൾ സംസ്കരിക്കുന്നത്. ഒരാഴ്ച നീണ്ട നശിപ്പിക്കൽ നടപടിയിൽ 21 ട്രക്കുകളിലായി ഫ്രോസൺ ഇറച്ചി, കോഴിയിറച്ചി, നട്സ്, മധുരപലഹാരങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടായിരുന്നു. കൂടാതെ കാലാവധി വ്യാജമായി രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കൾക്കൊപ്പം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നേരത്തേ, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യസംഭരണശാലകളും റസ്റ്റാറന്റുകളും കേന്ദ്രീകരിച്ച് രാജ്യവ്യാപക പരിശോധനകൾ നടത്തിയിരുന്നു. ലൈസൻസിങ്, സംഭരണ നിലവാരം, ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ എന്നിവ ഉറപ്പാക്കിയ പരിശോധനകളിൽ ആരോഗ്യ-നിയമപരമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും നൽകിയിരുന്നു.
കഴിഞ്ഞ ജൂലൈ 22ന് രണ്ട് കമ്പനി ഉടമകളെ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. ആദ്യത്തെ ഉടമക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം ദീനാർ പിഴയും രണ്ടാമത്തെയാൾക്ക് 1,01,000 ദീനാർ പിഴയും ചുമത്തി. ഒരു കമ്പനി ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവും 19 ജീവനക്കാർക്ക് രണ്ട് വർഷം തടവും വിധിച്ചു. എല്ലാ വിദേശപ്രതികളെയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ഒരു സൂപ്പർമാർക്കറ്റിനും ഒരു ഭക്ഷ്യവിതരണ കമ്പനിക്കും 10,000 ദീനാർ വീതം പിഴ ചുമത്തുകയും ആറുമാസത്തേക്ക് അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്തു. പഴകിയ ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുകയും വിപണനം ചെയ്യുകയും വ്യാജമായി കാലാവധി രേഖപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

