വിലസ്ഥിരത ഉറപ്പാക്കാൻ പരിശോധന തുടർന്ന് വ്യവസായ വാണിജ്യ മന്ത്രാലയം
text_fieldsഅധികൃതർ പരിശോധനക്കിടെ
മനാമ: രാജ്യത്തെ വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം വ്യാപകമായ പരിശോധനകൾ നടത്തി. കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തുടനീളമുള്ള വിവിധ മാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി 3,191 പരിശോധനകളാണ് ഇൻസ്‌പെക്ടർമാർ പൂർത്തിയാക്കിയത്. അത്യാവശ്യ സാധനങ്ങളുടെ ലഭ്യത, വിലയിലെ സുതാര്യത, ന്യായമായ വ്യാപാര രീതികൾ എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വിവിധ മേഖലകളിലായി ഫുഡ് സ്റ്റോറുകളിൽ 2,156 പരിശോധനകളും, ബേക്കറികളിൽ 234 പരിശോധനകളും, സെൻട്രൽ മാർക്കറ്റുകളിൽ 98 പരിശോധനകളും, മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 പരിശോധനകളും നടത്തി. പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം വിലവർദ്ധനവ് അല്ലെങ്കിൽ വിലവിവരപ്പട്ടികയുമായി ബന്ധപ്പെട്ടവയായിരുന്നു. ബാക്കി 2 എണ്ണം വാണിജ്യ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 31 സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകുകയും, 8 സ്ഥാപനങ്ങൾ ഭരണപരമായി അടപ്പിച്ചു സീൽ ചെയ്യുകയും ചെയ്തു. കൂടാതെ 2 സ്ഥാപനങ്ങളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഈ കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച 494 പരാതികളിൽ മന്ത്രാലയം ഉടനടി നടപടി സ്വീകരിച്ചു. പരിശോധനകളിൽ 27 സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. വിപണിയിലെ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

