വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തൽ: മന്ത്രിസഭായോഗം അഭിനന്ദിച്ചു
text_fieldsമനാമ: വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടും സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ ആരോഗ്യസ്ഥിതിയില്‍ മന്ത്രിസഭ യോഗം ശുഭാപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കായി നടത്തിയ ആരോഗ്യപരിശോധനകള്‍ വിജയകരമായതില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും കൂടുതല്‍ ആരോഗ്യത്തോടെ സര്‍ക്കാറിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അഞ്ചാമത് പാര്ലമെെൻറ്, ശൂറ കൗണ്‍സിലിെൻറ രണ്ടാം ഘട്ടത്തിന് ആരംഭം കുറിക്കുന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നടത്തിയ പ്രഭാഷണം രാജ്യത്തിെൻറ പുരോഗതിയും വികസനവും അടയാളപ്പെടുത്തുന്നതായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി.
ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിെൻറ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ഹമദ് രാജാവിെൻറ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ തയാറാക്കുന്നതിന് പ്രത്യേക കോഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനല്കാനും മന്ത്രിസഭ തീരുമാനിച്ചു. മേഖലയുടെ സുരക്ഷക്കായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും ശ്രമങ്ങളും ഉത്തരവാദിത്തപൂര്ണമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. മന്ത്രിസഭയില്‍ പുതുതായി നിയോഗിക്കപ്പെട്ട വൈദ്യുതി-ജലകാര്യ മന്ത്രി വാഇല്‍ ബഇല് ബിന്‍ നാസിര്‍ അല്‍ മുബാറകിനെ അംഗങ്ങള്‍ സ്വാഗതംചെയ്തു. ഹമദ് രാജാവിെൻറ ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തിട്ടുള്ളത്. അദ്ദേഹത്തിെൻറ കഴിവും പ്രാപ്തിയും മന്ത്രാലയത്തിെൻറ വികസനത്തിനും പുരോഗതിക്കുമായി വിനിയോഗിക്കാന്‍ സാധിക്കട്ടെയെന്ന് അംഗങ്ങൾ ആശംസിക്കുകയും ചെയ്തു.
ചുമതലയില്‍നിന്ന് ഒഴിവായ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സക്ക് വിജയാശംസകള്‍ നേരുകയും അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. മന്ത്രാലയത്തിെൻറ നവീകരണത്തിന് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ അഭിമാനകരമായിരുന്നുവെന്നും കാബിനറ്റ് വിലയിരുത്തി. സിറിയയുടെ നേർക്കുള്ള തുര്‍ക്കി ആക്രമണത്തിനെ അപലപിച്ച് അടിയന്തര അറബ് ലീഗ് എടുത്ത തീരുമാനത്തെ മന്ത്രിസഭ സ്വാഗതംചെയ്തു. അറബ് ഭൂമിയെ എല്ലാവിധ അതിക്രമങ്ങളില്‍നിന്നും സംരക്ഷിക്കേണ്ട ബാധ്യത മേഖലയിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. സിറിയയുടെ മേലുള്ള തുര്‍ക്കി അക്രമത്തെ മന്ത്രിസഭ ശക്തമായി അപലപിക്കുകയും ചെയ്തു. അറബ് രാഷ്ട്രമായ സിറിയയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പകരം അവ ഇല്ലാതാക്കാനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അറബ് ലീഗ് സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. സര്‍ക്കാറിെൻറ 2019-2022 പദ്ധതിയനുസരിച്ച് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം തയാറാക്കിയ പദ്ധതി മന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. മൊത്തം 30 വികസന പദ്ധതികളാണ് ഇതിലുള്ളത്. ഇതില്‍ 25 എണ്ണവും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കംകൂട്ടുന്നതാണ്. സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രാദേശിക, അന്തര്‍ദേശീയ മാര്‍ക്കറ്റുമായി ബന്ധിപ്പിക്കുന്ന ഇടത്താവളമായി ബഹ്റൈനെ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതികള്‍ക്ക് രൂപകല്പന നടത്തിയിട്ടുള്ളത്. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.