മന്ത്രിസഭാ യോഗം: സ്കൂള്‍ കാൻറീനുകളുടെ ഭക്ഷണ സാധനത്തിനുള്ള വാറ്റ് ഒഴിവാക്കും
text_fieldsമനാമ: സ്കൂള്‍ കാൻറീനുകളില്‍ വില്പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ മേലുള്ള വാറ്റ് ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പാര്‍ലമെൻറ് ഉന്നയിച്ച പ്രസ്തുത വിഷയത്തില്‍ മന്ത്രിസഭ അനുഭാവ പൂർണ്ണമായ നിലപാടാണ് കൈക്കൊണ്ടത്.
ഹമദ് രാജാവിെൻറ യു.എ.ഇ സന്ദര്‍ശനത്തെ അഭിനന്ദിക്കുകയും അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ അസി. കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെടുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തമാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചതായും വിലയിരുത്തി. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര വ്യക്തിത്വമായി തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ആശംസകള്‍ അര്‍പ്പിച്ച എല്ലാവര്ക്കും യോഗം കടപ്പാട് അറിയിച്ചു. പ്രധാനമന്ത്രിക്ക് പകരം യു.എന്നില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയും ആദരം ഏറ്റു വാങ്ങുകയും ചെയ്ത ആരോഗ്യ മന്ത്രി പരിപാടിയെക്കുറിച്ചുള്ള വിശദീകരണം സഭയില്‍ അവതരിപ്പിച്ചു.
മുഹറഖിലെ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ആരോഗ്യ, സേവന, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലയില്‍ വിവിധ പദ്ധതികളാണ് ഇവിടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. മുഹറഖ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് പ്രദേശത്തിെൻറ വികസനത്തിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കുമെന്ന് വിലയിരുത്തി. ദേറിലെ പുതിയ പ്രദേശങ്ങളിലേക്ക് സീവേജ് പദ്ധതി വ്യാപിപ്പിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. മേഖലയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും അടിയന്തിര അറബ് ഉച്ചകോടിയും ജി.സി.സി ഉച്ചകോടിയും വിളിച്ച് ചേര്‍ക്കാനുള്ള സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ തീരുമാനത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് ബഹ്റൈന്‍ ശക്തമായ പിന്തുണ നല്‍കുമെന്നും അറിയിച്ചു. മേഖലയിലെ വിവിധ രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള ഭീഷണികളും അതിനെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.
സമാധാനവും സുരക്ഷയും നിലനിര്‍ത്തുകയെന്നത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും അതിന് നടക്കുന്ന ഏത് ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഹൂതി തീവ്രവാദികള്‍ മക്കക്കും മദീനക്കും നേര്‍ക്ക് നടത്തിയ ഭീകരാക്രമണ ശ്രമത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പുണ്യ സ്ഥലങ്ങളുടെ വിശുദ്ധിയെ മാനിക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണെന്നും അഭിപ്രായപ്പെട്ടു. ജി.സി.സി കൂട്ടായ്മ രൂപവത്കരിച്ചതിെൻറ 38 ാം വാര്‍ഷിക പശ്ചാത്തലത്തില്‍ അംഗ രാജ്യങ്ങള്‍ക്ക് വളരാനും വികസിക്കാനും അവസരം ലഭിച്ചതായി വിലയിരുത്തി. കൂട്ടായ്മ നല്കിയ ശക്തിയും പ്രതാപവും ഓരോ രാജ്യങ്ങള്‍ക്കും അന്നാട്ടിലെ ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും പ്രദാനം ചെയ്തതായും വിലയിരുത്തി.
തൊഴിലില്ലായ്മ വേതനത്തിനായി നീക്കിവെച്ച തുകയില്‍ മിച്ചം വന്ന 230 ദശലക്ഷം ദീനാര്‍ രാജ്യത്തിെൻറ പൊതു ഖജനാവിലേക്ക് നീക്കാനും വളണ്ടിയറി റിട്ടയര്‍മെൻറ് പദ്ധതിയില്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. തൊഴില്‍ രഹിതരായ മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
